കോഴിക്കോട്:
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും, നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ ഷാലുവിന്‍റെ മൃതദേഹം കോഴിക്കോട് കെ.എസ്.ആര്‍.ടി.സിക്കു പിന്‍വശം യുകെഎസ് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മരിച്ച ഷാലു മൈസൂര്‍ സ്വദേശിയും കണ്ണൂരില്‍ താമസക്കാരിയുമാണ്. തന്നെയാരോ ആക്രമിച്ചുവെന്ന പരാതിയുമായി ഞായറാഴ്ച ഷാലു കോഴിക്കോട്ടെ പുനര്‍ജനി സംഘത്തെ സമീപിച്ചിരുന്നു. ഇന്നലെ തന്നെ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ട ഒരാളെ തിരിച്ചറിഞ്ഞതായി പുനര്‍ജനി കോര്‍ഡിനേറ്റര്‍ സിസിലി ജോണ്‍ പറഞ്ഞിരുന്നു.
ഷാലുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാനാണ് ട്രാന്‍സ്‌ജെന്റര്‍ കമ്യൂണിറ്റിയുടെ തീരുമാനം. ഷാലുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ എല്‍ജിബിടിക്യു സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ മിഠായിത്തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.