കൊല്‍ക്കത്ത:
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന ഐ.പി.എൽ മത്സരത്തിനിടെ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബി.സി.സി.ഐ. ഒത്തുകളി നടന്നിട്ടില്ല എന്ന മറുപടിയാണ് ബി.സി.സി.ഐ. നൽകിയിരിക്കുന്നത്.
വിക്കറ്റ് കീപ്പിംഗിനിടയില്‍ ഋഷഭ് പന്ത് പറഞ്ഞ വാചകം സ്റ്റംപ് മൈക്കിൽ പതിഞ്ഞതാണ് ഒത്തുകളിയാണെന്ന ആരോപണത്തിന് അടിസ്ഥാനം.
ക്രീസിലുണ്ടായിരുന്ന കൊൽക്കത്തയുടെ ബാറ്റ്സ്മാൻ റോബിന്‍ ഉത്തപ്പക്ക് ഡൽഹിയുടെ സന്ദീപ് ലാമിച്ചാനെ എറിഞ്ഞ പന്ത് ഓഫ് സൈഡില്‍ ബൗണ്ടറിയാവുമെന്ന് പന്ത് പറയുന്ന സംഭാഷണമാണ് പുറത്തു വന്നിരുന്നത്. ഇതു പറഞ്ഞ് അടുത്ത പന്തിൽ ഉത്തപ്പ ഫോര്‍ അടിക്കുകയും ചെയ്തു. ഈ തെളിവ് ഉയര്‍ത്തിയാണ് ഋഷഭ് പന്ത് ഒത്തുകളിച്ചുവെന്ന ആരോപണം ഉണ്ടായത്. പുറത്തുവന്ന ആ വാചകത്തിനു മുമ്പെ പന്ത് പറഞ്ഞ കാര്യങ്ങള്‍ കൂടി കേട്ടാല്‍ അത് കളിക്കിടയിൽ സാധാരണ ഉണ്ടാവാറുള്ള സംഭാഷണമാണെന്ന് മനസ്സിലാകുമെന്ന് ബി.സി.സി.ഐ. പ്രതിനിധിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ. റിപ്പോര്‍ട്ടു ചെയ്തു.
ഓഫ് സൈഡില്‍ ഫീല്‍ഡറെ നിർത്താൻ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരോട് പറഞ്ഞ ശേഷം അങ്ങനെ ചെയ്തില്ലെങ്കിൽ അടുത്ത പന്ത് ഓഫ് സൈഡില്‍ ബൗണ്ടറിയാവുമെന്നാണ് ഋഷഭ് പന്ത് പറയുന്നത്. ഇത്തരം വിശദാംശങ്ങള്‍ അറിയാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ ഋഷഭ് പന്തിനെപ്പോലൊരു താരത്തെ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും തെറ്റായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ബി.സി.സി.ഐ. പ്രതിനിധി പറഞ്ഞു..
ഐ.പി.എല്‍ 12-ാം എഡിഷനിലെ ആദ്യ സൂപ്പര്‍ ഓവര്‍ പിറന്ന പ്രസ്തുത മത്സരത്തില്‍ ഡല്‍ഹി വിജയം നേടിയിരുന്നു. മൂന്ന് റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം.