ന്യൂഡല്‍ഹി/കല്‍പ്പറ്റ:
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വ്യാഴാഴ്ചയാണ് അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. ബുധനാഴ്ച രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഹെലികോപ്ടറില്‍ കല്‍പ്പറ്റയിലെത്തും. പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടാകും. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തുന്നത്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.
വൈകിട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന നേതൃ സംഗമം വലിയ വിജയമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബൂത്ത് തലം മുതല്‍ ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നത്. ഹെലികോപ്ടറില്‍ കല്‍പറ്റയിലെത്തുന്ന രാഹുല്‍ റോഡ്‌ഷോയ്ക്കു ശേഷമാകും പത്രിക സമര്‍പ്പിക്കുക. വ്യാഴാഴ്ചയാണ് കേരളത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിനം. കോണ്‍ഗ്രസ് അധ്യക്ഷനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മലപ്പുറം-വയനാട് ഡി.സി.സികള്‍ വ്യതക്തമാക്കി.
അതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്റെ ട്വിറ്ററിലൂടെയാണ് തുഷാറിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. വയനാട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി പൈലി വ്യത്യാട്ടിനെ മാറ്റിയാണ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നത്.