Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിലവില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ച വിഷയമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. പരാജയ ഭീതി കൊണ്ട് സുരക്ഷിത മണ്ഡലം തേടി വന്നതെന്ന് ബി.ജെ.പിയും സി.പി.എമ്മും ഒരേ ശബ്ദത്തില്‍ പറയുമ്പോഴും വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസിന് 133 സീറ്റാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. അധികാരത്തിലേക്ക് മുന്നോട്ട് പോകണമെങ്കില്‍ കൂടുതല്‍ എംപിമാര്‍ വേണമെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

 

 

 

ഈ 133 സീറ്റില്‍ 100 എങ്കിലും പിടിച്ചെടുക്കാനായാല്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാം. മാത്രമല്ല, കോണ്‍ഗ്രസിന്‍റെ മുന്നോട്ടുളള പോക്ക് എളുപ്പമാവുകയും ചെയ്യും. 133ല്‍ 100എങ്കിലും കോണ്‍ഗ്രസും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സാധ്യതയുളള കക്ഷികളും പിടിക്കണമെന്നാണ് ചിന്ത. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഇത്രയും സീറ്റ് കിട്ടിയില്ലെങ്കിലും പ്രാദേശിക പാര്‍ട്ടികളിലൂടെ ഇത് നേടിയെടുക്കാനാകും എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ദക്ഷിണേന്ത്യയില്‍ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ്-ബിജെപി പോരാട്ടമുളളത്. അത് കര്‍ണാടകയിലും ഗോവയിലുമാണ്. 28 സീറ്റുളള കര്‍ണാടകയും 20 സീറ്റുളള കേരളവുമാണ് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നത്.

2014ല്‍ കര്‍ണാടകയില്‍ ബിജെപി 17 സീറ്റും കോണ്‍ഗ്രസ് 9 സീറ്റും ജെഡിഎസ് 2 സീറ്റും നേടിയിരുന്നു. ത്രികോണ മത്സരത്തിന്‍റെ കണക്കാണിത്. ഇത്തവണ കോണ്‍ഗ്രസും ജെഡിഎസും സഖ്യത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് 21ഉം ജെഡിഎസ് 7ഉം സീറ്റില്‍ മത്സരിക്കുന്നു.വിവിധ സര്‍വേകള്‍ പ്രകാരം സഖ്യം 16 സീറ്റെങ്കിലും നേടും. കേരളത്തില്‍ യുഡിഎഫിന് 12ഉം എല്‍ഡിഎഫിന് 8ഉം സീറ്റാണ് ഉളളത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ തങ്ങളുടെ നില ഇനിയും മെച്ചപ്പെടുത്താമെന്ന് കോണ്‍ഗ്രസ് കരുതുന്നത്.

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം സീറ്റുളളത് തമി‍ഴ്നാട്ടിലാണ്,39 സീറ്റ്,ഇവിടെ ഡിഎംകെയുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. ഒമ്പത് സീറ്റുകളിലാണ് ഇവിടെ കോണ്‍ഗ്രസ് ഭരിക്കുന്നത്. 2014ല്‍ ജയലളിതാ പ്രഭാവത്തില്‍ എ.ഐ.എ.ഡി.എം.കെ 37 സീറ്റ് നേടിയെങ്കില്‍ ഇത്തവണ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യമാണ് മുന്നിലെന്നാണ് സര്‍വേകള്‍ നല്‍കുന്ന സൂചന.

അവിഭക്ത ആന്ധ്രയില്‍ 42 സീറ്റാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് ആന്ധ്രയിലെ 25 സീറ്റും തെലങ്കാനയിലെ 17 സീറ്റുമായി മാറിയിരിക്കുന്നു. ത്രികോണ മത്സരമാണ് ആന്ധ്രയില്‍ ടിഡിപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. 2014ല്‍ ടിഡിപി 15 സീറ്റ് നേടി. സഖ്യകക്ഷിയായിരുന്ന ബിജെപിക്കും കിട്ടി 2 സീറ്റ്. ഇക്കുറി ബിജെപിക്ക് സീറ്റൊന്നും ലഭിക്കാന്‍ സാധ്യതയില്ല. കോണ്‍ഗ്രസും കാര്യമായ നേട്ടം കൊയ്യില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യത ടിഡിപിയുമായാണ്.

തെലങ്കാന ടിആര്‍എസിന് സ്വന്തമാണ്. 2014ല്‍ 17ല്‍ 11ഉം ടിആര്‍എസ് നേടി. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് 2 സീറ്റ് ലഭിച്ചു. നിയമാസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യമുണ്ടായിരുന്നെങ്കിലും പച്ചതൊട്ടില്ല. അതുകൊണ്ട് ഇത്തവണ സഖ്യമില്ല. എന്നാല്‍ കോണ്‍ഗ്രസിന് ടിഡിപി പിന്തുണയുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ആരെ പിന്തുണക്കുമെന്ന കാര്യം ആന്ധ്രയിലെ ജഗനും തെലങ്കാനയിലെ കെസിആറും വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ എന്‍.ഡി.എ. ആയാലും യു.പി.എ. ആയാലും വിലപേശലിന് അവസരം കിട്ടിയാല്‍ ചന്ദ്രശേഖര്‍റാവുവും ജഗന്‍മോഹന്‍ റെഡ്ഡിയും മുന്‍പന്തിയില്‍ ഉണ്ടാവും.

ഗോവയില്‍ ആകെ രണ്ട് സീറ്റാണ് ഉളളത്. 2014ല്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റ് വീതം നേടി. പുതുച്ചേരിയിലെ ഒരു സീറ്റ് ക‍ഴിഞ്ഞ തവണ കോണ്‍ഗ്രസിനെ കൈവിട്ടിരുന്നു. ഈ സീറ്റ് ഇത്തവണ തിരിച്ചു പിടിക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *