കൊല്ലം:
യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തു. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെ മകള്‍ തുഷാര (27) കഴിഞ്ഞ 21-നു മരണമടഞ്ഞ സംഭവത്തിലാണു ഭര്‍ത്താവ് ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ചന്തുലാല്‍ (30), ഭര്‍തൃമാതാവ് ഗീതാലാല്‍ (55) എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്.
കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണു തുഷാരയെ പട്ടിണിക്കിട്ടതെന്നു പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെയാണ് ഇവര്‍ക്കെതിരെ 302-ാം വകുപ്പ് ചുമത്തിയത്. അന്യായമായ തടങ്കല്‍, സ്ത്രീധനപീഡന മരണം (344, 304 ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചെങ്കുളത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തും. സംഭവത്തില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിശദമായ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കൊല്ലം റൂറല്‍ എസ്പിയോടു കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. 26-നു കൊട്ടാരക്കര നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
സ്ത്രീധനത്തെ ചൊല്ലിയാണ് തുഷാരയെ പട്ടിണിക്കിട്ട് കൊന്നത്. രണ്ടു ലക്ഷം രൂപയാണ് സ്ത്രീധനമായി പറഞ്ഞിരുന്നതെങ്കിലും ഇതു നല്‍കാന്‍ സാധിച്ചിരുന്നില്ല. 2013-ലായിരുന്നു തുഷാരയുടെ വിവാഹം നടന്നത്. വിവാഹത്തിനു ശേഷം വര്‍ഷം ഇത്രയുമായിട്ടും മൂന്ന് പ്രാവശ്യം മാത്രമാണ് തുഷാരയും ഭര്‍ത്താവും വീട്ടില്‍ വന്നിട്ടുള്ളത്. വിവാഹം കഴിഞ്ഞ് വീട്ടുകാര്‍ നല്‍കിയ 20 പവന്‍ സ്വര്‍ണവും കടം വീട്ടാനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ എടുത്ത ശേഷം അതേപോലുള്ള മുക്കുപണ്ടം തുഷാരയ്ക്ക് നല്‍കുകയായിരുന്നു. ഭര്‍ത്താവ് ചന്തുലാല്‍ വിളിച്ച് സ്ത്രീധന തുക ആവശ്യപ്പെട്ടിരുന്നതായും തുഷാരയുടെ മാതാപിതാക്കള്‍ പറയുന്നു.