ന്യൂഡല്‍ഹി:
ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കര്‍ഷകര്‍ക്ക് അടിസ്ഥാന മാസവരുമാനം ഉറപ്പാക്കിയും, യുവാക്കള്‍ക്ക് പ്രതിവര്‍ഷം 10 ലക്ഷം സര്‍ക്കാര്‍ ജോലികളും വാഗ്ദാനം ചെയ്തും കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക, പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കി. രാജ്യത്തെ 20 ശതമാനത്തിന് നേരിട്ട് ഗുണം ലഭിക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം. നരേന്ദ്ര മോദി നല്‍കാമെന്നു പറഞ്ഞ 15 ലക്ഷത്തിനെ പോലെയാകില്ല ഇതെന്നും നടപ്പിലാക്കാന്‍ കഴിയുന്ന വാഗ്‌ദാനങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് നല്‍കുകയുള്ളൂ എന്നും രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, തൊഴിലവസരം, വനിതാ സുരക്ഷ തുടങ്ങിയവക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള അഞ്ച് വന്‍ പദ്ധതികളാണ് രാഹുല്‍ പ്രഖ്യാപിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ കണക്കു പ്രകാരം അഞ്ചു കോടി കുടുംബങ്ങളുടെ മാസവരുമാനം 12000 രൂപയില്‍ താഴെയാണ്. ഈ ഡാറ്റ അടിസ്ഥാനമാക്കിയാണ് എല്ലാവര്‍ക്കും മാസം കുറഞ്ഞ വരുമാനം 12000 രൂപ ഉറപ്പാക്കാനുള്ള പദ്ധതി കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഒരു കുടുംബത്തിന് മാസം 6000 രൂപ വരുമാനമാണുള്ളതെങ്കില്‍ ബാക്കി തുക സര്‍ക്കാര്‍ നേരിട്ട് അക്കൗണ്ടിലൂടെ കൈമാറിയാണ് 12000 രൂപ ഉറപ്പാക്കുക. മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തിക വിദഗ്ദ്ധരടങ്ങിയ ടീമാണ് പദ്ധതി തയ്യാറാക്കിയത്. എങ്ങനെ നടപ്പാക്കും, എത്ര രൂപ ഇതിനായി ആവശ്യം വരും തുടങ്ങിയ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു.
ഓരോ വര്‍ഷവും രണ്ടു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നാണ് നരേന്ദ്ര മോദി വാഗ്ദാനം ചെയ്‌തത്. എന്നാല്‍ എത്ര തൊഴില്‍ അവസരങ്ങള്‍ ശരിക്കും സൃഷ്‌ടിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പരിശോധിച്ചു. തുടര്‍ന്ന് 22 ലക്ഷം ഒഴിവുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടെന്ന് കണ്ടെത്തി. തദ്ദേശ സഹകരണ സ്ഥാപനങ്ങളിലെ 20 ലക്ഷം ഒഴിവുകള്‍ നികത്തും. കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളിലെ ഒഴിവുകള്‍ 2020 മാര്‍ച്ചിനകം നികത്തും. ഒഴിവുകള്‍ നികത്താന്‍ സംസ്ഥാനങ്ങളോടും നിര്‍ദ്ദേശിക്കും. രാജ്യത്തിന്റെ നടുവൊടിച്ച ജി.എസ്.ടിയും നോട്ടുനിരോധനവും പരിശോധിക്കും. ഇക്കാര്യങ്ങളിലെ അപാകത പരിഹരിച്ച് വീണ്ടും അവതരിപ്പിക്കും.