Sat. Apr 27th, 2024
ബത്തേരി:

പ്രാദേശിക തർക്കങ്ങളുടെ പേരിൽ വയനാട്ടിൽ യു.ഡി.എഫ്. നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പങ്കെടുത്തില്ല. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസ് ഭരിക്കുന്നത്. എൽ. ഡി. എഫുമായി പ്രാദേശിക സഹകരണം ഒഴിവാക്കാൻ യു.ഡി.എഫ്. ആവശ്യപ്പെട്ടിട്ടും കേരളാ കോൺഗ്രസ് തയ്യാറാകാത്തതാണ് തർക്കത്തിന് കാരണം. തർക്കം മുറുകിയപ്പോൾ എ.ഐ.സി.സി. പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് യു.ഡി.എഫ്. ഇന്നലെ നടത്തിയ ആഹ്ലാദപ്രകടനത്തിൽ നിന്ന് വിട്ടു നിന്നാണ് കേരള കോൺഗ്രസ്സ് മാണി വിഭാഗം പ്രതിഷേധം രേഖപ്പെടുത്തിയത്. ബൂത്ത് കമ്മിറ്റി രൂപീകരണ യോഗത്തിൽ നിന്നും കേരള കോൺഗ്രസ് വിട്ടു നിന്നു.

എൽ.ഡി.എഫ്. ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുമായി സഹകരിപ്പിക്കരുതെന്നും വയനാട് യു.ഡി.എഫിൽ ആവശ്യം ഉയർന്നു കഴിഞ്ഞു. വയനാട്ടിൽ യു.ഡി.എഫുമായി സഹകരിക്കുന്നില്ലെങ്കിൽ തോമസ് ചാഴികാടൻ മത്സരിക്കുന്ന കോട്ടയത്ത് അതിന്റെ തിരിച്ചടി ഉണ്ടാകുമെന്നു കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടതുമുന്നണിയുമായി സഹകരിക്കുന്ന ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാൻ കെ.എം.മാണി തയ്യാറാകണമെന്നും ജേക്കബ് വിഭാഗം ആവശ്യപ്പെടുന്നു. പ്രശ്നത്തിൽ യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വയനാട് ജില്ലാ പ്രസിഡണ്ട് എം. സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

വയനാട് ജില്ലാ കമ്മിറ്റിയുടെ സമ്മർദ്ദം മൂലമാണ് മാണിക്കു ബത്തേരി മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കാത്തതെന്നാണ് സൂചന. 35 അംഗ ഭരണസമിതിയില്‍ സി.പി.എം. 17, യു.ഡി.എഫ്. 16, കേരള കോണ്‍ഗ്രസ്സ്, ബി.ജെ.പി. ഒരോ സീറ്റ് എന്ന തരത്തിലാണ് കക്ഷിനില. സി.പി.എമ്മിന്‍റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്സ് (എം) ടി.എല്‍.സാബുവാണ് ബത്തേരി നഗരസഭയുടെ ചെയര്‍മാന്‍. ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് മുന്നണിക്കും ഭരണം പോയതോടെ നേതൃത്വത്തിന്റെ സമ്മതത്തോടെ തന്നെ കേരള കോണ്‍ഗ്രസ് (എം) അംഗം സി.പി.എമ്മിനെ പിന്തുണയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഇക്കഴിഞ്ഞ ഏപ്രില്‍ 26മുതല്‍ ഒരു വര്‍ഷത്തേക്ക് ചെയര്‍മാന്‍സ്ഥാനം സി.പി.എം. കേരളകോണ്‍ഗ്രസ്സിന് വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ മുനിസിപ്പാലിറ്റി എല്‍.ഡി.എഫിന് നഷ്ടപ്പെടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതിനിടെ ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുമായുള്ള സഹകരണം കേരള കോൺഗ്രസ് (എം) അവസാനിപ്പിക്കാതെ യു.ഡി.എഫിൽ അടുപ്പിക്കില്ലെന്ന് വയനാട് ഡി.സി.സി പ്രസിഡന്‍റ് ഐ. സി. ബാലകൃഷ്ണൻ പറഞ്ഞു. ജില്ലയിലെ യു.ഡി.എഫ്. നേതൃത്വം എടുത്ത തീരുമാനമാണിത്. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഐ. സി. ബാലകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *