Mon. Dec 23rd, 2024
തിരുവനന്തപുരം:

രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ വയനാട് മണ്ഡലത്തില്‍ നിരവധി ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തും. സംഘടന ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ ഇന്ന് വൈകിട്ട് വയനാട്ടിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് മണ്ഡലത്തില്‍ എത്തി പ്രചരണ കാര്യങ്ങള്‍ വിലയിരുത്തും ഈ മാസം ഒമ്പതിന് എ.കെ ആന്റണിയും വയനാട്ടിലെത്തും.

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് ബുധനാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്.

ഇന്നലെയായിരുന്നു രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് രണ്ടാം മണ്ഡലം തിരഞ്ഞെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വന്‍ ആഘോഷം ആക്കാനുള്ള ഒരുക്കങ്ങളിലാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ വയനാട് യു.ഡി.എഫ്. ക്യാമ്പും ഏറെ ആവേശത്തിലാണ്. എസ് പി ജി സുരക്ഷയുള്ള നേതാവയതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും റോഡ് ഷോ യുടെ കാര്യത്തില്‍ അന്തിമ തീരുമാനം. രാഹുലിനെ പ്രിയങ്കാ ഗാന്ധിയും അനുഗമിക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദിവസങ്ങള്‍ക്ക് വിരാമമിട്ട് ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമേയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുക. മൂന്ന് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമായ വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലാകെ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ പ്രത്യേക സുരക്ഷ തയ്യാറാക്കാനൊരുങ്ങുകയാണ് പൊലീസ്. മാവോയിസ്റ്റ് ഭീഷണി കൂടി കണക്കിലെടുത്താണ് നീക്കം. മുന്‍ കൂട്ടി അറിയിച്ചുള്ള പരിപാടികളായതിനാല്‍ അതിനനസരിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കാന്‍ പൊലീസ് സജ്ജമാണെന്ന് ഉത്തര മേഖല എഡിജിപി ഷെയ്ക്ക് ധര്‍വേസ് സാഹിബ് പറഞ്ഞു.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സിഐഎസ്‌എഫ് ജവാന്‍ വസന്ത് കുമാറിന്‍റെ വീട് സന്ദര്‍ശിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയ്ക്ക് അനുമതി നല്‍കിയിരുന്നില്ല. പക്ഷെ, സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മണ്ഡലത്തിലെത്തുമ്പോള്‍ എല്ലാ ഭീഷണിയെയും മറികടക്കാനുള്ള പ്രത്യേക പദ്ധതി തന്നെ പൊലീസിന് തയ്യാറാക്കേണ്ടിവരും. രാഹുലിന് എസ്പിജി സുരക്ഷ നല്‍കുന്നുണ്ട്. അതിന് പുറമെയാണ് പൊലീസിന്‍റെ സുരക്ഷാ ക്രമീകരണം.

Leave a Reply

Your email address will not be published. Required fields are marked *