അഹമ്മദാബാദ്:
ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പതിനഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ എല്ലൊടിഞ്ഞു ആശുപത്രിയിലാണ്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമെന്നാണെന്നും സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വിരാംഗ്രാമിലെ ഭാത്തിപുരയില്‍ ഞായറാഴ്ചയാണ് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. ഒരു മതവിഭാഗത്തിന്റെ ശ്മശാനത്തിന്റെ മതിലില്‍ മറ്റേ മതവിഭാഗക്കാരായ സ്ത്രീകള്‍ തുണി അലക്കി ഉണക്കാനിടുന്നത് എതിര്‍ത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ആളുകള്‍ കൂടുകയും കല്ലുകളും വടികളുമായി ഇരുവിഭാഗങ്ങള്‍ പരസ്പരം ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘത്തിനു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
പോലീസ് എത്തി കണ്ണീര്‍ വാതകം പൊട്ടിച്ച ശേഷമാണ് ആളുകള്‍ പിരിഞ്ഞു പോയത്.പ്രദേശത്തു പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കലാപശ്രമം, കൊലപാതകശ്രമം, പൊലീസിനെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് എഫ്.ഐ.ആര്‍ എഴുതിയിട്ടുണ്ട്.