Sat. Apr 27th, 2024
കോട്ടയം:

സ്ഫടികത്തിന്റെ രണ്ടാം ഭാഗമുണ്ടാവില്ല, എന്നാൽ അടുത്ത വർഷം, സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും എന്ന് സംവിധായകൻ ഭദ്രൻ.

സ്ഫടികത്തിന് ഇനി ഒരു രണ്ടാം ഭാഗമുണ്ടാവില്ലെന്ന് ഭദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭദ്രന്റെ നിലപാടിനു വിരുദ്ധമായി സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ സംവിധായകൻ ബിജു ജെ. കട്ടക്കൽ പുറത്തിറക്കിയിരുന്നു.

“സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ” എന്ന് ഭദ്രൻ നേരത്തെ ഫേസ്ബുക്കിലൂടെ ബിജു ജെ. കട്ടക്കലിന് മുന്നറിയിപ്പും നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് സ്ഫടികത്തിന്റെ 4 K റീലീസ് ഉണ്ടാവുമെന്ന് ഭദ്രൻ അറിയിച്ചിരിക്കുന്നത്.

ഭദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും, ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ. അത് എനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല. നിങ്ങൾ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്ക് വലിയ സന്തോഷം നൽക്കുന്ന ഒരു വാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാൽ ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ, നിങ്ങൾ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ, അടുത്ത വർഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും….
” ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.”

ഭദ്രൻ സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ സ്ഫടികം എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റായിരുന്നു. മോഹൻലാൽ അവതരിപ്പിച്ച ആട് തോമ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ചിത്രത്തിന്റെ നിർമ്മാതാവ് ആർ. മോഹൻ ഭദ്രനെ നിർബന്ധിച്ചിരുന്നെങ്കിലും സ്ഫടികത്തിന് ഒരു രണ്ടാം ഭാഗമില്ല എന്ന തീരുമാനത്തിൽ ഭദ്രൻ ഉറച്ചു നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *