വായന സമയം: < 1 minute
കോഴിക്കോട്:

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വടകരയില്‍ കെ.മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫ് ചിത്രം വ്യക്തമായത്. വി.കെ സജീവനാണ് വടകര മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. പി ജയരാജന്‍ എല്‍.ഡി.എഫിന് വേണ്ടി ജനവിധി തേടും.

അതേസമയം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള ആദ്യവരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ദക്ഷിണേന്ത്യയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനാണ് വയനാട്ടില്‍ രാഹുല്‍ മല്‍സരിക്കുന്നതെന്ന പ്രചാരണം ശക്തമാക്കുകയാകും കോണ്‍ഗ്രസ് തന്ത്രം. ആദിവാസി മേഖലയായ വയനാട് രാഹുലിന്‍റെ ദരിദ്രന്‍റെ നേതാവെന്ന പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്ന് പാര്‍ട്ടി കരുതുന്നു. ഇരുപത് ദിവസത്തില്‍ താഴെ മാത്രമേ രാഹുലിന് വയനാട്ടില്‍ പ്രചാരണത്തിന് സമയം ലഭിക്കൂ. അതിനിടയില്‍ ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ഒാടിയെത്തേണ്ടതുണ്ട്.

രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.

 

Leave a Reply

avatar
  Subscribe  
Notify of