Mon. Dec 23rd, 2024
വാരണാസി:

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വാരണാസിയില്‍ മല്‍സരിക്കും. വാരണാസിയില്‍ റോഡ് ഷോയോടെ ഭീം ആര്‍മിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്നലെ മണ്ഡലത്തില്‍ തുടക്കമായി. പ്രധാനമന്ത്രി മോദിയുടെ പതനത്തിന് തുടക്കമായെന്ന് പ്രചരണത്തിന്‍റെ ഭാഗമായ റോഡ് ഷോയില്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ബിആര്‍ അംബേദ്ക്കറുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതിന് ശേഷമാണ് ചന്ദ്രശേഖര്‍ ആസാദ് തന്‍റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്.

2014ല്‍ അധികാരത്തിലെത്തിയ മോദി എല്ലാവര്‍ക്കും ജോലി എന്ന വലിയ വാഗ്ദാനമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. പക്ഷെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അത്തരത്തിലുള്ള ഒരു ജോലി അവസരങ്ങളും പൊതു ജനങ്ങള്‍ക്ക് ലഭ്യമായില്ല, മോദി രണ്ട് കോടി യുവാക്കളുടെ ജോലി സ്വപ്നങ്ങളാണ് തകര്‍ത്തു കളഞ്ഞതെന്നും ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു. പ്രധാനമന്ത്രി ധനികരെ മാത്രമെ സഹായിച്ചുള്ളുവെന്നും അവരുടെ കോടികള്‍ വരുന്ന ലോണുകള്‍ മാത്രമെ തള്ളിയിട്ടുള്ളുവെന്നും പാവപ്പെട്ടവരെ പീഡിപ്പിച്ചു കൊണ്ടേയിരുന്നുവെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

കുച്ചേരിയിലെ ഡോ. ബി ആർ അംബേദ‌്കറുടെ പ്രതിമയിൽ മാലയിട്ട് തുടങ്ങിയ റോഡ് ഷോ രവിദാസ‌് പാർക്കിലാണ‌് സമാപിച്ചത‌്. ഇതിനിടെ ചന്ദ്രശേഖറിനെ കരിങ്കൊടി കാട്ടാൻ ശ്രമിച്ച കോളേജ‌് വിദ്യാർഥികളെ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. അതേസമയം ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖർ ആസാദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി ആരോപിച്ചു. സംസ്ഥാനത്തെ ബി.എസ്.പി വോട്ടുബാങ്കിനെ ഭിന്നിപ്പിച്ചാൽ അത് ബി.ജെ.പിയെ സഹായിക്കുമെന്നാണ് ബി.എസ്.പിയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് മായാവതി ചന്ദ്രശേഖർ ആസാദിനെയും ഭീം ആർമിയെയും വിമർശിച്ചു രംഗത്തെത്തിയത്. നേരത്തെ പ്രിയങ്ക ഗാന്ധി ചന്ദ്ര ശേഖർ ആസാദിനെ സന്ദർശിച്ചതിനെയും മായാവതി രൂക്ഷമായി വിമർശിച്ചിരുന്നു.

വിവിധ പ്രദേശങ്ങളിലെ കർഷകർ, ദലിത് നേതാക്കൾ, മുൻ സൈനിക ഉദ്യോഗസ്ഥർ, റിട്ട. ജസ്റ്റിസ് തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് മോദിക്കെതിരെ വാരണാസിയിൽ നിന്നും മത്സരിക്കാൻ തയ്യാറെടുക്കുന്നത്. ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിന് പിന്നാലെ പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദുര്‍ യാദവാണ് മോദിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങുന്നതിൽ പ്രധാനി. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച 111 കര്‍ഷകരാണ് മത്സരിക്കാന്‍ ഒരുങ്ങുന്ന മറ്റൊരു വിഭാഗം. ഇവരെ കൂടാതെയാണ് ഭീം ആര്‍മിയും രംഗത്ത് വന്നിരിക്കുന്നത്.

യു.പിയിലെ മഹാസഖ്യം വരാണസിയില്‍ മോദിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് മോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ചന്ദ്രശേഖര്‍ ആസാദ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞിരുന്നു. ‘സ്വതന്ത്രസ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക്, രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും ജയിച്ച് ലോക്‌സഭയിലേക്ക് പോകരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. ബെഹന്‍ജി (മായാവതി), അഖിലേഷ് ഭായ് അല്ലെങ്കില്‍ മുലായം സിങ്ങ് യാദവ് എന്നിവരില്‍ ആരെങ്കിലും മോദിക്കെതിരെ മത്സരിച്ചില്ലെങ്കില്‍ വാരാണസിയില്‍ ഞാന്‍ മത്സരിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. മോദിക്കെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നുണ്ടായിരുന്നു. എന്നാല്‍ അത് നടക്കുന്ന ലക്ഷണമില്ല. മോദിയെ എളുപ്പത്തില്‍ ജയിക്കാന്‍ ഞാന്‍ അനുവദിക്കില്ല’- എന്നായിരുന്നു ആസാദ് പറഞ്ഞത്.

30 ശതമാനം ദലിത് വിഭാഗക്കാരുള്ള സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഭീം ആര്‍മിക്ക് ശക്തമായ സ്വാധീനമുണ്ട്. 2015ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആസാദും ഭീം ആര്‍മിയും കരുത്തുറ്റ ശക്തിയായി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *