Sat. Apr 20th, 2024
ചെന്നൈ:

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടാണ് ജയലളിതയുടെ തോഴി ശശികലയുടെ അനന്തരവൻ ടി.ടി.വി. ദിനകരന്‍റെ “അമ്മ മക്കള്‍ മുന്നേറ്റ കഴകം” ഇത്തവണ തിരഞ്ഞെടുപ്പിൽ വോട്ട് തേടുന്നത്. ആര്‍. കെ. നഗര്‍ മണ്ഡലത്തിൽ നേടിയ വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടി.ടി.വി. ദിനകരൻ നേതൃത്വം നൽകുന്ന അണ്ണാ ഡി.എം.കെ യിലെ വിമതപക്ഷം.

2018 മാർച്ചിൽ ആയിരുന്നു ടി.ടി.വി ദിനകരൻ അണ്ണാ ഡി.എം.കെ. പിളർത്തി “അമ്മ മക്കള്‍ മുന്നേറ്റ കഴകം” എന്ന പേരിൽ പുതിയ പാർട്ടി ഉണ്ടാക്കിയത്. ജയലളിതയുടെ മരണ ശേഷം അവരുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദിനകരന്‍ ഔദ്യോധിക പക്ഷത്തിനെതിരെ സ്വതന്ത്രനായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. “കുക്കര്‍” ചിഹ്നത്തിലായിരുന്നു ദിനകരന്‍ മത്സരിച്ചിരുന്നത്. മുഖ്യമന്ത്രി പളനി സാമി- ഒ. പനീര്‍ശെല്‍വം എന്നിവര്‍ നേതൃത്വം നല്‍കുന്ന ഔദ്യോധിക പക്ഷവും, ശശികലയും, ദിനകരനും നേതൃത്വം നൽകുന്ന വിമത വിഭാഗവും അണ്ണാ ഡി.എം.കെ യുടെ “രണ്ടില” ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍, ഔദ്യോധിക പക്ഷത്തിന് ചിഹ്നം അനുവദിച്ചു നല്‍കിയതു ദിനകര പക്ഷത്തിന് കനത്ത തിരിച്ചടിയായി. ഇതിനു പിന്നാലെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ദിനകരന്‍ രംഗത്തെത്തിയത്.

രണ്ടില ചിഹ്നം നഷ്ടപ്പെട്ടപ്പോൾ ആർ.കെ നഗറിൽ വിജയിച്ച “കുക്കർ” ചിഹ്നം ആവശ്യപ്പെട്ട് ടി.ടി.വി ദിനകരൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ “കുക്കർ” ചിഹ്നവും ദിനകര പക്ഷത്തിനു അനുവദിച്ചില്ല. എന്നാൽ എ.എം.എം.കെ സ്ഥാനാർത്ഥികൾക്ക് സ്വതന്ത്ര ചിഹ്നങ്ങളിലേതെങ്കിലുമൊന്ന് പൊതുവായി അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. തുടർന്ന് ‘സമ്മാനപൊതി’ ചിഹ്നമാണ് ടി.ടി.വി ദിനകരന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. ‘സമ്മാനപൊതി’ ചിഹ്നം ജയലളിതയുടെ സേവനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതാണെന്നാണ് ദിനകരന്‍റെ അവകാശവാദം.

ഡി.എം.കെ. യോടൊപ്പം, ഇ.പി.എസ്- ഒ.പി.എസ്. പക്ഷത്തെ അഴിമതിയും ദിനകരന്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളെ താഴെയിറക്കാൻ അണികളോട് ആഹ്വാനം ചെയ്യുകയാണ് ദിനകരൻ. ഈ തിരഞ്ഞെടുപ്പോടെ ഇ.പി.എസ്- ഒ.പി.എസ്. പക്ഷം തകരുമെന്നാണ് ദിനകരന്‍റെ അവകാശവാദം. “അമ്മ മക്കള്‍ മുന്നേറ്റ കഴകം” നേടുന്ന വോട്ട് അണ്ണാ ഡി.എം.കെയുടെ വോട്ട് ബാങ്കില്‍ വിള്ളൽ വീഴ്ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നടന്‍ ശരത് കുമാറിന്‍റെ സമത്വ മക്കള്‍ കക്ഷിയും ദിനകരനെ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുന്നുണ്ട്. ഒരു സീറ്റ് നല്‍കിക്കൊണ്ട് എസ്.ഡി.പി.ഐ യുമായും ദിനകരൻ സഖ്യം ഉണ്ടാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *