ഉപ്പള:
സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മംഗൽപാടി പഞ്ചായത്തിനെ ഉൾപ്പെടുത്തി. സംയോജിത പരിചരണ മുറകൾ സ്വീകരിക്കുന്നതിനായി ഹെക്ടറിന് 25000 രൂപ പ്രകാരം ഒരു കേര ഗ്രാമത്തിന് 62.50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് നൽകുന്നതെന്നു എ കെ എം അഷ്റഫ് എംഎൽഎ അറിയിച്ചു. സംസ്ഥാന വിഹിതം 38 ലക്ഷവും ബാക്കി പഞ്ചായത്ത് വിഹിതവുമാണ്.
നാളികേരത്തിന് ഉല്പാദനവും ഉല്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി രോഗം ബാധിച്ചതും പ്രായം ചെയ്യുന്നതുമായ തെങ്ങുകൾ മുറിച്ചു മാറ്റി പുതിയ തൈകൾ നടുക, സംയോജിത കീട രോഗ നിയന്ത്രണം സംയോജിത വളപ്രയോഗം, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കൽ, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പ്രോത്സാഹനം, ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേര ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. തുടർച്ചയായി തെങ്ങ് കൃഷിയുള്ള 250 ഹെക്ടർ പ്രദേശമാണ് ഒരു കേരഗ്രാമം ആയി തിരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കുന്നത്. ഒരു കേര ഗ്രാമത്തിനു 3 വർഷക്കാലം ആണ് അനുകൂല്യങ്ങൾ നൽകുക.