ശ്രീകണ്ഠപുരം:
അതിജീവനത്തിൻറെ ചരിത്രമുള്ള മലബാർ കുടിയേറ്റത്തിൻറെ നിത്യ സ്മാരകമായാണ് ചെമ്പന്തൊട്ടിയിൽ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ഒരുങ്ങുന്നത്. ഒന്നാംഘട്ട നിർമാണത്തിനുശേഷം കാലങ്ങളായി നിലച്ചുപോയ മ്യൂസിയത്തിൻറെ രണ്ടാംഘട്ട നിർമാണമാണ് ഇനി നടക്കേണ്ടത്. മുന്നോടിയായി മന്ത്രി അഹമ്മദ് ദേവർ കോവിൽ വ്യാഴാഴ്ച സ്ഥലം സന്ദർശിക്കും.
2015ൽ യു ഡി എഫ് സർക്കാറിൻറെ കാലത്താണ് ചെമ്പന്തൊട്ടി ടൗണിനടുത്തായി തലശ്ശേരി അതിരൂപത നൽകിയ സ്ഥലത്ത് കുടിയേറ്റ മ്യൂസിയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയത്. ഒന്നാം ഘട്ടമായി മ്യൂസിയത്തിനുവേണ്ട കെട്ടിടം ഒരുക്കി. സെൻറിന് രണ്ടു ലക്ഷം രൂപ വിലവരുന്ന ഒരേക്കർ സ്ഥലമാണ് തലശ്ശേരി അതിരൂപത ഇതിനായി 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്.
പുരാവസ്തു വകുപ്പിനു കീഴിൽ കിറ്റ്കോയ്ക്കായിരുന്നു നിർമാണച്ചുമതല. ആർക്കിടെക്ട് ആർ കെ രമേഷായിരുന്നു രൂപകൽപന നടത്തിയത്.ആദ്യഘട്ടത്തിൽ 75 ലക്ഷം രൂപ സാംസ്കാരിക വകുപ്പും 50 ലക്ഷം കെ സി ജോസഫ് എം എൽ എയുടെ ഫണ്ടിൽ നിന്നുമായിരുന്നു അനുവദിച്ചത്. 1.25 കോടി രൂപ കൊണ്ട് നിർമാണം തുടങ്ങി.
ചുറ്റുമതിൽ കെട്ടി കെട്ടിടം പണിത് ഓടുവെച്ചു. 75 ലക്ഷം രൂപയാണ് ഒന്നാം ഘട്ട നിർമാണത്തിന് ചെലവായതെന്നാണ് കണക്ക്. ലളിതകല അക്കാദമിയുടെ കക്കണ്ണൻ പറയിലെ കലാഗ്രാമത്തിൻറെ മാതൃകയിലായിരുന്നു നിർമാണം.
ഇനി രണ്ടാംഘട്ടത്തിൽ പുരാവസ്തുക്കൾ പ്രദർശിപ്പിക്കാനുള്ള ഒരു കെട്ടിടം കൂടി നിർമിക്കാനുണ്ട്. കുടിയേറ്റ മ്യൂസിയത്തിൻറെ പ്രവർത്തന പുരോഗതി വിലയിരുത്താനും രണ്ടാംഘട്ട നിർമാണ പ്രഖ്യാപനം നടത്താനുമാണ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എത്തുന്നത്. 1.65 കോടി രൂപ വകുപ്പ് ഫണ്ടും കെ സി ജോസഫ് എം എൽ എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപയും ചേർത്ത് ആകെ 2.15 കോടി രൂപക്കുള്ള രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളാണ് ഇനി നടക്കുക.
പിണറായി ഇൻഡസ്ട്രിയൽ കോഓപ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എം എൽ എ നൽകിയ കത്തിൻറെ അടിസ്ഥാനത്തിലാണ് മന്ത്രി സ്ഥലം സന്ദർശിക്കുന്നത്.