Sat. Jan 18th, 2025
നിലമ്പൂർ:

നിലമ്പൂർ പാതയോടുള്ള റെയിൽവേ അവഗണനയ്ക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ആശ്വാസമായി കോട്ടയം-നിലമ്പൂർ സ്പെഷൽ എക്സ്പ്രസ് സർവീസ് ആരംഭിക്കാനുള്ള തീരുമാനം. കോട്ടയത്ത് നിന്ന് 7ന് ആണ് ട്രെയിനിന്റെ നിലമ്പൂരിലേക്കുള്ള ആദ്യയാത്ര.

നിലമ്പൂർ -ഷൊർണൂർ – പാതയോടുള്ള അവഗണനയ്ക്കെതിരെ നിലമ്പൂർ-മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവ പ്രതിഷേധം കനപ്പിക്കുന്നതിനിടെയാണ് ദക്ഷിണ റെയിൽവേ മാനേജരുടെ ഓഫിസിലെ ഡപ്യൂട്ടി ചീഫ് ഓപ്പറേറ്റിങ് മാനേജർ പുതിയ ട്രെയിൻ അനുവദിച്ച് ഉത്തരവിട്ടത്. കോട്ടയത്ത് നിന്ന് പുലർച്ചെ 05.15ന് പുറപ്പെടും.06.40 ന് എറണാകുളം ടൗണിൽ എത്തും.

6.45 ന് യാത്ര തുടർന്ന് 10.10ന് ഷൊർണൂർ എത്തും. 10.20ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 11.45 ന് നിലമ്പൂരിൽ എത്തും. തിരിച്ച് കോട്ടയത്തേക്ക് 3.10 ന് പുറപ്പെടും. 4.40ന് ഷൊർണൂരിൽ എത്തും. 4.50ന് പുറപ്പെട്ട് 8.05ന് എറണാകുളം ടൗൺ, 10.15ന് കോട്ടയം സ്റ്റേഷനുകളിൽ എത്തും.

നേരത്തേ നിലമ്പൂർ -കോട്ടയം പാസഞ്ചർ സർവീസ് നടത്തിയിരുന്നു. രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് 2020 മാർച്ച് 23ന് നിർത്തി. 200 കിലോമീറ്ററിൽ അധികം ദൂരം സർവീസ് നടത്തുന്ന പാസഞ്ചറുകൾ എക്സ്പ്രസ് സർവീസ് ആക്കാൻ സർക്കാർ അനുമതി നൽകിയിട്ടും നിലമ്പൂർ – കോട്ടയം ട്രെയിൻ ഓടിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.