Wed. Jan 22nd, 2025
കടലുണ്ടി:

കടലുണ്ടിപ്പുഴയിൽ അഴിമുഖത്ത് വ്യാപകമായി മണൽ അടിഞ്ഞു കൂടിയത് ഒഴുക്കിനു തടസ്സം. കടലുണ്ടിക്കടവുപാലം പരിസരത്തും പക്ഷിസങ്കേതത്തിനു ചുറ്റുമാണു ടൺ കണക്കിനു മണൽ വ്യാപിച്ചത്. ഇതു കടലിൽ നിന്നുള്ള വേലിയേറ്റത്തെയും വേലിയിറക്കത്തെയും ബാധിച്ചതിനൊപ്പം കമ്യൂണിറ്റി റിസർവിൽ ജൈവവൈവിധ്യ ശോഷണത്തിനും ഇടയാക്കുന്നു.

കഴിഞ്ഞ പ്രളയകാലത്താണ് അഴിമുഖത്തു വൻതോതിൽ മണൽ അടിഞ്ഞത്.ഇതോടെ പുഴയുടെ ആവാസവ്യവസ്ഥ താളം തെറ്റി. വീതിയേറിയ കടലുണ്ടിപ്പുഴ അഴിമുഖത്ത് എത്തുമ്പോൾ ശോഷിച്ചു.

മണൽ അടിഞ്ഞ് ആഴം കുറഞ്ഞതു വെള്ളപ്പൊക്ക ഭീഷണിയും ഉയർത്തുന്നു. ഒഴുക്ക് ഇല്ലാത്തതിനാൽ റെയിൽ പാലം പരിസരങ്ങളിൽ പുഴവെള്ളം പാട കെട്ടി. നദിയിൽ മാലിന്യം അടിയുന്നതിനും ഇതു കാരണമാകുന്നു.

ഒഴുക്കും ആഴവും ഇല്ലാത്തതിനാൽ ഇനിയൊരു പ്രളയം വന്നാൽ വെള്ളം ഉൾക്കൊള്ളാനാകാതെ നദി കര കവിഞ്ഞൊഴുകുമെന്ന ആശങ്കയിലാണ് പരിസരവാസികൾ.കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) കടലുണ്ടിപ്പുഴയിൽ നടത്തിയ പഠനത്തിൽ കടലുണ്ടിക്കടവ് അഴിമുഖത്ത് 18.81 ഹെക്ടറിൽ മണൽത്തിട്ട രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 2002ൽ ഇതു 1.81 ഹെക്ടറായിരുന്നു.

വ്യാപകതോതിൽ മണൽ അടിഞ്ഞു കൂടിയതിനാൽ വേലിയേറ്റ വേലിയിറക്ക പ്രതിഭാസം കൃത്യമായി നടക്കുന്നില്ലെന്നും പഠന റിപ്പോർട്ടിലുണ്ട്. കമ്യൂണിറ്റി റിസർവിലെ ജൈവവൈവിധ്യ മൂല്യം, നദിയിലെ മത്സ്യങ്ങൾ, കക്കാ വർഗ ജീവികൾ, വെള്ളത്തിന്റെ ഗുണമേന്മ, ദേശാടനപ്പക്ഷികളുടെ വരവ്, റിസർവിന്റെ ഇപ്പോഴത്തെ അവസ്ഥ എന്നീ വിഷയങ്ങളാണ് സിഎംഎഫ്ആർഐ പഠന വിധേയമാക്കിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിനും കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റിക്കും നൽകിയിട്ടുണ്ട്.

മണൽ അടിഞ്ഞതു കാരണം കടലുണ്ടിപ്പുഴയിൽ മത്സ്യലഭ്യത വളരെ കുറഞ്ഞു. നദിയിൽ സുലഭമായിരുന്ന കരിമീൻ, തിരുത, കോര, മുള്ളൻ, കാളാഞ്ചി, ചെമ്മീൻ എന്നിവയുടെ എണ്ണത്തിൽ വൻ കുറവാണുള്ളത്. പല പുഴമീനുകളും അപ്രത്യക്ഷമായി.

ആഴവും ഒഴുക്കുമുള്ള വെള്ളത്തിൽ പ്രജനനം നടത്തുന്ന മീനുകളും ഇപ്പോൾ കിട്ടുന്നില്ല. പുഴയെ ആശ്രയിച്ചു കഴിയുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടുന്നു. കടലിൽ നിന്ന് ഉപ്പുവെള്ളം കയറിയിറങ്ങാത്തതിനാൽ അഴിമുഖത്ത് പോഷക ഗുണങ്ങൾ കുറയാനും സാധ്യതയുണ്ട്.

നദിയിൽ മണൽ അടിഞ്ഞു കൂടിയത് കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബോട്ട് സർവീസിനെയും ബാധിച്ചു. പുഴയുടെ ആഴം കുറഞ്ഞതിനാൽ ഏതു സമയത്തും സഞ്ചാരികളെ കൊണ്ടു പോകാൻ പറ്റാത്ത നിലയാണ്. പലപ്പോഴും തോണി മണൽ തിട്ടയിൽ ഇടിക്കുന്നുണ്ട്.

വേലിയേറ്റ സമയത്തു മാത്രമേ ടൂറിസം കേന്ദ്രത്തിൽ തോണി യാത്ര സാധ്യമാകൂ. ഇതിനാൽ സഞ്ചാരികൾക്ക് റിസർവ് മേഖല പൂർണമായും സന്ദർശിക്കാനാകുന്നില്ല. മാത്രമല്ല തോണിക്കാർക്ക് ഏറെ ദൂരം തുഴഞ്ഞു ചുറ്റിപ്പോകേണ്ടിയും വരുന്നു.