എടപ്പാള്‍:
എടപ്പാൾ മേൽപ്പാലം ഒക്ടോബർ അവസാനം തുറക്കും. അന്തിമജോലികൾ പുരോഗമിക്കുന്നു. കെ ടി ജലീൽ എംഎൽഎ മുൻകൈയെടുത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. 13.6 കോടി രൂപ ചെലവിട്ടാണ് നിർമാണം.
ചൊവ്വാഴ്‌ച പാലം പ്രവൃത്തി എംഎൽഎ വിലയിരുത്തി. ഒരിഞ്ച് സ്ഥലംപോലും ഏറ്റെടുക്കാതെ പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടെയാണ് പാലം കടന്നുപോകുന്നതെന്ന് കെ ടി ജലീൽ പറഞ്ഞു. യുഡിഎഫ് ഭരണകാലത്താണ് പാലമെന്ന ആശയം മുന്നോട്ടുവച്ചത്.
എന്നാല്‍ ആവശ്യമായ നടപടിയുണ്ടായില്ല. ഒന്നാം പിണറായി സര്‍ക്കാർ പണം അനുവദിച്ചു. പ്രവൃത്തി ടെന്‍ഡര്‍ ചെയ്‌ത് നിർമാണം തുടങ്ങി.
നാട്ടുകാര്‍ നല്ലനിലയിൽ സഹകരിച്ചു. കച്ചവടക്കാര്‍ക്ക് പ്രയാസമുണ്ടായെന്നത് യാഥാർഥ്യമാണ്. ബുദ്ധിമുട്ടുകള്‍ സ്വാഭാവികമായിട്ടുതന്നെ പ്രദേശവാസികള്‍ നേരിട്ടുവെന്നത് എടുത്തുപറയണം.
കഞ്ഞിപ്പുര -മൂടാല്‍ ബൈപാസ് പ്രവൃത്തി പുരോഗതിയിലാണ്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാത്ത യാത്ര സാധ്യമാകുമെന്നും എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വട്ടംകുളം പഞ്ചായത്ത് അംഗം യു പി പുരുഷോത്തമനും ഒപ്പമുണ്ടായി.