Mon. Nov 25th, 2024
കാസർകോട്‌:

നഗരത്തിൽ വീണ്ടും മാലിന്യം പെരുകുന്നു. ഇതിനുപുറമെ നഗരസഭാ ശുചീകരണ തൊഴിലാളികളും ഹരിതകർമ സേനയും ശേഖരിച്ച്‌ കൂട്ടിയിട്ട മാലിന്യങ്ങളും ജനങ്ങൾക്ക്‌ ദുരിതമായി. സംസ്‌കരിക്കാൻ സംവിധാനമൊരുക്കാത്തതാണ്‌ മാലിന്യം കൂട്ടിയിടാൻ കാരണമെന്ന്‌ ശുചീകരണ തൊഴിലാളികൾ പറയുന്നു.

മാലിന്യം നിക്ഷേപിക്കാനുള്ള ട്രഞ്ചിങ്‌ ഗ്രൗണ്ട്‌ നഗരത്തിലില്ലാത്തതിനാൽ ചാക്കിൽ കെട്ടിയതും അല്ലാത്തതുമായ മാലിന്യങ്ങൾ കുന്നുകൂടിയിരിക്കുകയാണ്‌. നിലവിൽ വിദ്യാനഗറിലെ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിലാണ്‌ മാലിന്യം നിക്ഷേപിക്കുന്നത്‌. ഇവിടെ മലപോലെ മാലിന്യം കൂട്ടിയിട്ടതിനാൽ വീണ്ടും നിക്ഷേപിക്കാനാകാത്ത സാഹചര്യമാണ്‌.

പ്ലാസ്‌റ്റിക്‌ ഒഴികെയുള്ളവ കത്തിക്കാനായി സ്ഥാപിച്ച ഇൻസിനറേറ്റർ തകർന്നിട്ട്‌ വർഷം രണ്ടുകഴിഞ്ഞു. ലോഡുകണക്കിന്‌ മാലിന്യമാണ്‌ നിത്യേന ഇവിടെയെത്തിക്കുന്നത്‌. ജൈവ–അജൈവ മാലിന്യം വേർതിരിച്ച്‌ സംസ്‌കരിക്കണമെന്ന്‌ സർക്കാർ നിർദേശമുണ്ടെങ്കിലും ഇതൊന്നും നഗരസഭയ്‌ക്ക്‌ ബാധകമല്ല.

പ്ലാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള മുഴുവൻ മാലിന്യങ്ങളും ഇൻസിനറേറ്ററിന്‌ സമീപം കൂട്ടിയിട്ടിട്ടുണ്ട്‌. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കുഴിയുണ്ടാക്കി ഇവ മണ്ണിട്ട്‌ മൂടുകയാണിപ്പോൾ. മാലിന്യസംസ്‌കരണത്തിന്‌ സ്ഥലം കണ്ടെത്തുമെന്ന്‌ നഗരഭരണക്കാർ എല്ലാ ബജറ്റിലും പ്രഖ്യാപിക്കാറുണ്ടെങ്കിലും പാഴ്‌വാക്ക്‌ മാത്രമായി. തകർന്ന പുകക്കുഴലിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നതിനാൽ മാലിന്യം കത്തിക്കാൻ കഴിയാതെ ഇൻസിനറേറ്ററും പാഴ്‌വസ്‌തുവായി മാറി.