Mon. Dec 23rd, 2024
പെരിയ:

കല്യോട്ട് ടൗണിലെ പൊലീസ് കൺട്രോൾ റൂമിൽ ബേക്കൽ പൊലീസ് ആധുനിക സംവിധാനങ്ങളുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഇരട്ട കൊലപാതകത്തിനു ശേഷം അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾ തടയാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണു കല്യോട്ടുള്ളത്. ക്രമസമാധാന പ്രശ്നങ്ങളിൽ അതിവേഗം നടപടിയെടുക്കാനായി ഒരു സബ് ഇൻസ്പെക്ടറുടെ കീഴിൽ സ്ഥലത്തും പരിസരത്തും 24 മണിക്കൂറും പൊലീസ് പട്രോളിങ്ങുണ്ട്.

എച്ചിലടുക്കം, പെരിയ, പെരിയ ബസാർ എന്നീ സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റ് പോസ്റ്റുമുണ്ട്. പ്രദേശത്തു സംഘർഷങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെയും വാഹനങ്ങളെയും സംഘർഷ സാധ്യതയുള്ള സ്ഥലത്തു കൂടി പോകുന്ന വാഹനങ്ങളെയും നിരീക്ഷിക്കേണ്ടതിനാൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കൃത്യമായും വ്യക്തമാകുന്ന തരത്തിലുള്ള നിരീക്ഷണ ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്.പുതിയ നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് നിർവഹിച്ചു.

ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു പി വിപിൻ, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ രാജ്കുമാർ, ബേക്കൽ എസ്ഐ രാജീവ് എന്നിവർ പ്രസംഗിച്ചു.