എടക്കര:
മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ കാട്ടാന ശല്യം പരിഹരിക്കാൻ റെയില്‍ വേലി പ്രോജക്ട് സമര്‍പ്പിച്ചു. റെയിൽവേ ഒഴിവാക്കിയ പാളങ്ങള്‍ ഉപയോഗിച്ച് കാട്ടാനകള്‍ തോട്ടത്തില്‍ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. തുടക്കത്തില്‍ അടിയന്തര പ്രാധാന്യമുള്ള നാല് കിലോമീറ്റര്‍ ദൂരം റെയില്‍ വേലി കെട്ടുന്നതുള്പ്പടയുള്ള പ്രവൃത്തികളാണ് പദ്ധതി ലക്ഷ്യമിടുന്നത്.
25 കിലോമീറ്ററാണ് ഫാമിെൻറ അതിര്‍ത്തി ദൈർഘ്യം. ഇതില്‍ മാളകം മുതല്‍ തലപ്പാലി നാലാം ബ്ലോക്ക് വരെ ചാലിയാര്‍ പുഴയുമായി അതിര്‍ത്തി പങ്കിടുന്ന നാല് കിലോമീറ്റര്‍ ഭാഗത്തുകൂടിയാണ് കാട്ടാനകള്‍ കൂടുതലായും തോട്ടത്തില്‍ പ്രവേശിക്കുന്നത്. ഈ ഭാഗമാണ് റെയില്‍ വേലിക്കായി ആദ്യം തിരഞ്ഞെടുത്തത്.
തലപ്പാലി മുകള്‍ ഭാഗം വനവുമായി അതിര്‍ത്തി പങ്കിടുന്നിടത്ത് ഫണ്ട് ലഭ്യമായതിന് ശേഷം പദ്ധതി നടപ്പാക്കും. 2019ലെ പ്രളയത്തില്‍ തകര്‍ന്ന തലപ്പാലി ഭാഗത്തേക്കുള്ള റോഡുകളുടെ പുനരുദ്ധാരണം, തകര്‍ന്ന പോളി ഹൗസുകളുടെ പുനര്‍നിര്‍മാണം, ചാലിയാര്‍ നദീതീര സംരക്ഷണം, പ്രളയത്തില്‍ ഒലിച്ചുപോയ മോട്ടോര്‍ പുനഃസ്ഥാപിക്കല്‍ എന്നിവയടക്കം 32 കോടി രൂപയുടെ പ്രെപ്പോസലാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ സിന്ധുകുമാരി സമര്‍പ്പിച്ചത്.
വന്യമൃഗ ശല്യം തടയാൻ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ റെയില്‍ വേലി നിര്‍മിച്ചത് ഫലപ്രദമാണെന്ന് തെളിഞ്ഞതിനാലാണ് ഫാം അധികൃതര്‍ പുതിയ പ്രോജക്ട് സമര്‍പ്പിച്ചിട്ടുള്ളത്.കര്‍ണാടക ഫോറസ്റ്റ് ഡിവിഷനുകളില്‍ നിർമിച്ച റെയില്‍ വേലി വന്യമൃഗങ്ങളെ തടയാൻ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 90 സെൻറീമീറ്റര്‍ ഇടവിട്ട് മൂന്ന് വരിയായി റെയില്‍ പാളങ്ങള്‍ സ്ഥാപിക്കുകയാണ് റെയില്‍ വേലിയുടെ രീതി.
മൂന്ന് മീറ്ററോളം ഉയരവുമുണ്ടാകും വേലിക്ക്. ഇവ തകര്‍ക്കാന്‍ വന്യമൃഗങ്ങള്‍ക്ക് സാധിക്കുകയില്ല എന്ന് മാത്രമല്ല ആനയെപ്പോലുള്ള മൃഗങ്ങള്‍ക്ക് ഇവ മറികടക്കാനും ഇടയില്‍ക്കൂടി നുഴഞ്ഞ് കയറാനും കഴിയില്ല. ഒരു കിലോമീറ്റര്‍ ദൂരം റെയില്‍ വേലി സ്ഥാപിക്കാന്‍ 60 ലക്ഷം രൂപയാണ് ചിലവ്.
1979ല്‍ സംസ്ഥാന സര്‍ക്കാറിെൻറ മേല്‍നോട്ടത്തിൽ സ്ഥാപിതമായ വിത്തുകൃഷിത്തോട്ടമാണ് മുണ്ടേരി സീഡ് ഗാര്ഡന് കോംപ്ലക്സ്. പോളിനേഷന് നടത്തി അത്യുല്പാദന ശേഷിയുള്ളതും കുറിയ ഇനങ്ങളുമായ വിവിധയിനം തെങ്ങിന് തൈകളും മറ്റ് വിത്തിനങ്ങളും ഉൽപാദിപ്പിച്ച് സംസ്ഥാനത്തുടനീളം കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് വിതരണം നടത്തിയിരുന്ന സ്ഥാപനമായിരുന്നു ഇത്. എന്നാല്‍, തുടക്കത്തില്‍ എണ്ണായിരത്തോളമുണ്ടായിരുന്ന തെങ്ങുകളില്‍ ഭൂരിഭാഗവും കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ചു.
ഇവക്ക് പകരമായി മാതൃവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. അധികൃതര്‍ സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത് വരെ കാട്ടാനകളുടെ ആക്രമണം ചെറുക്കാന്‍ മാളകം മുതല്‍ തലപ്പാലി വരയുള്ള നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഇപ്പോള്‍ പരീക്ഷണമെന്ന നിലക്ക് തൂക്കുവേലി നിര്‍മാണവും നടത്തിയിട്ടുണ്ട്.