ഗൂഡല്ലൂർ:
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദേവൻ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിലെ തൊഴിലാളിയായ പി വി ചന്ദ്രൻറെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ നാട്ടിൽ എത്തിച്ചു. ഈ സമയം ദേവന് സമീപമുള്ള കുന്നംകൊല്ലിയിലെ സൈതലവിയുടെ കറവപ്പശുവിനെ കടുവ ആക്രമിച്ചു. ജനങ്ങളുടെ ബഹളം കേട്ടതോടെ കടുവ പശുവിനെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു.
ജീവൻ പോവാതെ കിടന്ന പശു പിന്നീട് ചത്തു. ഈ സംഭവമറിഞ്ഞതോടെ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ തൊഴിലാളികളടക്കമുള്ളവർ പ്രതിഷേധിച്ചു.അനുരഞ്ജന ചർച്ചകൾക്കു ശേഷം ചന്ദ്രൻറെ മൃതദേഹം ആചാരപ്രകാരം വനപാലകർ തന്നെ ഏറ്റെടുത്തു ദഹിപ്പിച്ചു.
പശുവിൻറെ ജഡം കുഴിച്ചിടേണ്ട എന്ന് വനപാലകർ ആവശ്യപെട്ടു. കടുവ വീണ്ടും എത്തുമെന്നും പിടികൂടാൻ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ. കടുവയുടെ സഞ്ചാര ഭാഗങ്ങളിലായി കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. പശുവിനെ കൊന്ന ഭാഗത്തെ മരത്തിൽ ഏറുമാടം കെട്ടി വനപാലകർ നിരീക്ഷിക്കും.
അതുപോലെതന്നെ എസ്റ്റേറ്റിലും പരിസരത്തുമുള്ള പ്രധാന റോഡുകളിലും വനപാലക സംഘം പട്രോളിങ് നടത്തും. കടുവയിറങ്ങുന്ന മേഖലയിൽ രാത്രിയായാൽ ആരും സഞ്ചരിക്കരുത് എന്നാണ് ഫലം വനപാലകരുടെ മുന്നറിയിപ്പ്.
മയക്കുവെടിവെക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി.
വെറ്ററിനറി ഡോക്ടർമാരും മറ്റു വനപാലകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പൊൻ ജയശീലൻ എം എൽ എ, മുതുമല കടുവ സങ്കേത ഡയറക്ടർ വെങ്കിടേഷ്, ഊട്ടി ഡി എഫ്ഒ സചിൻ ദുക്കാറെ,ഡിവൈ എസ്പി കുമാർ, തൊഴിലാളി യൂനിയൻ നേതാക്കളും പങ്കെടുത്തു. നാലു ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തുക ചന്ദ്രൻറെ ആശ്രിതർക്ക് അധികൃതർ കൈമാറി.
ദേവൻ എസ്റ്റേറ്റിലെ തൊഴിലാളി പി വി ചന്ദ്രൻെറ ദാരുണ മരണത്തെത്തുടർന്ന് തൊഴിലാളികൾ മൗനജാഥ നടത്തി. ദേവർഷോല ടൗണിൽനിന്ന് എട്ടാംമൈലിൽ പോയി തിരിച്ചുവന്നശേഷം എസ്റ്റേറ്റ് മാനേജ്മെൻറ് ഓഫിസിലേക്കും പ്രതിഷേധമായി ചെന്ന് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു.തൊഴിലാളിയുടെ കുടുംബത്തിന് എസ്റ്റേറ്റ് മാനേജ്മെൻറിൻറെ ഭാഗത്തുനിന്ന് ധന സഹായം വേണം എന്ന് ആവശ്യപ്പെട്ടു.
അനുകൂല നിലപാട് സ്വീകരിക്കുമെന്നും മാനേജ്മെൻറ് ഭാഗത്തുനിന്ന് ട്രേഡ് യൂനിയൻ നേതാക്കളോട് അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ ചർച്ച തിങ്കളാഴ്ച നടത്തും. കാടുമൂടിക്കിടക്കുന്ന ഭാഗങ്ങളും മറ്റും വെട്ടിത്തെളിക്കാനും തീരുമാനമുണ്ടാകും. പൊൻ ജയശീലൻ എം എൽ എ, ട്രേഡ് യൂനിയൻ നേതാക്കളായ സെയ്തുമുഹമ്മദ്, പളനിവേൽ (പി എൽ ഒ), മഹേന്ദ്രൻ അബു(ഐ എൻ ടി യു സി ),വിജയൻ രാമദാസ്(സി ഐ ടി യു ) മറ്റു വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.