Fri. Nov 22nd, 2024
തൃക്കരിപ്പൂർ:

കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതോടെ വിനോദ സഞ്ചാര മേഖല സജീവമാകുകയാണ്. കായൽ ടൂറിസത്തിൽ ലോക ശ്രദ്ധയാകർഷിച്ച കവ്വായിക്കായലിൽ കയാക്കിങ്ങിന് തുടക്കം കുറിച്ചു. ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് തൃക്കരിപ്പൂർ പഞ്ചായത്തിലെ ആദ്യ കേന്ദ്രമാവുകയാണ് ഉടുമ്പുന്തല.

കായലിൽ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഫൈബർ തുഴയെറിഞ്ഞ് കണ്ടലുകൾക്കിടയിലൂടെയുള്ള യാത്രയാണ് ഇവിടത്തെ സവിശേഷത.പ്രദേശത്തെ വി കെ ഹാരിസ്, എം മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് യൂനിറ്റ് ആരംഭിച്ചത്. മാംഗ്രൂവ് വൈബ് എന്ന് പേരിട്ടിട്ടുള്ള യൂനിറ്റിൻറെ കീഴിൽ പത്ത് കയാക്കുകളാണ് ആദ്യഘട്ടത്തിൽ തയാറാക്കിയിട്ടുണ്ട്.

രണ്ട് പേർക്ക് തുഴയാവുന്നതും ഒരാൾക്ക് തുഴയാവുന്നതുമായ കയാക്കുകളാണുള്ളത്. ജാക്കറ്റ് തുടങ്ങിയ സുരക്ഷാ സംവിധാനത്തിന് പുറമെ ഗൈഡുകളുടെ സഹായവും ലഭിക്കും. കുറ്റിച്ചി കായലോരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ ബാവ സഞ്ചാരികൾക്ക് തുഴ കൈമാറി യൂനിറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം അബ്​ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. എ ജി അഷ്റഫ് സംസാരിച്ചു.