വണ്ടൂർ:
കൂവ കൃഷിക്ക് പിറകെ മഞ്ഞൾ കൃഷിയിലും വിജയഗാഥ കുറിക്കുകയാണ് ഈ വീട്ടമ്മ. എടവണ്ണ സ്വദേശിനി ജുമൈല ബാനുവാണ് ഇത്തവണ കൂവക്കൊപ്പം 15 എക്കർ പാട്ട കൃഷിയായി മഞ്ഞൾ പരീക്ഷിക്കുന്നത്. കോഴിക്കോട്ടുനിന്ന് മലപ്പുറത്തിൻറെ മണ്ണിലേക്ക് കൃഷി സ്വപ്നം കണ്ട് വാഹനം കയറുമ്പോൾ ജുമൈല ബാനുവിൻറെ മനസ്സുനിറയെ പ്രതീക്ഷകളായിരുന്നു. എട്ടുവർഷം മുമ്പ് തിരുവാലി കാളപൂട്ട് കണ്ടത്തിലെ അഞ്ച് എക്കറിലെ കൂവ കൃഷി ഇന്നും തുടരുന്നുണ്ട്.
വണ്ടൂരില്‍ വിളയുന്ന വെള്ള കൂവ്വ അമേരിക്കയിലേക്ക്; ഉടനെ വിളവെടുക്കുന്ന മഞ്ഞള്‍ ബംഗളൂരുവിലേക്ക്. എടവണ്ണ സ്വദേശിനി ജുമൈലാ ബാനുവിന്റെ കൃഷിവിജയം ഇങ്ങനെയാണ്. കുന്ദമംഗലം, പൂവാട്ട് പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മുമ്പ് കൂവ കൃഷി ചെയ്തിരുന്നെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാത്തതിനാൽ ബന്ധുക്കൾ വഴിയാണ് മലപ്പുറത്ത് എത്തുന്നത്. തികച്ചും ജൈവരീതിയിലായതിനാൽ നല്ല പിന്തുണയും സ്വീകര്യതയുമാണ് ലഭിക്കുന്നത്.
ബംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ നിർദേശപ്രകാരമാണ് ഈ വർഷം മുതൽ വിവിധ ഇനത്തിൽപ്പെട്ട മഞ്ഞൾ പരീക്ഷിച്ചത്. ഉല്പ്പാദന ചെലവ് കുറവും വരുമാനം ഏറെയുമുള്ള കൃഷിയാണ് കൂവ്വയെപ്പോലെ മഞ്ഞളും. എട്ട് മാസമാണ് രണ്ടിനും വിളവെടുപ്പ് കാലം.
വെള്ള കൂവ്വ അമേരിക്കയിലേക്ക് അയക്കും. കൃഷിക്ക് വേണ്ട വിത്തിനങ്ങള്‍ കമ്പനിയാണ് നൽകുന്നത്. വിളവെടുക്കുന്ന മഞ്ഞൾ ബാംഗളൂരുവിലെ കമ്പനിക്കും നല്‍കും.
കുന്നമംഗലം, പൂവാട്ട്പറമ്പ് എന്നിവിടങ്ങളിൽ ചെയ്ത കൂവ്വക്കൃഷിയേക്കാള്‍ ആദായം ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ജൈവ രീതിയിലാണ് കൃഷി. വണ്ടൂർ മേഖലയിലെ കാട്ടുമുണ്ട, എറിയാട്, കോഴിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ കൃഷി അടുത്ത വർഷത്തോടെ വ്യാപിപ്പിക്കും; ജുമൈലാ ബാനു പറഞ്ഞു. മകൾ ഷിഫയും ഭർത്താവ് പ്രവാസിയായ കുറ്റിക്കാട്ടൂർ കീഴ്മഠത്തിൽ മുസ്തഫയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.