Mon. Dec 23rd, 2024
മാനന്തവാടി:

ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനും ഒട്ടേറെ വിവാദങ്ങൾക്കും ശേഷം വയനാട് ഗവ മെഡിക്കൽ കോളേജ് എന്ന സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു. പ്രാരംഭപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധ സംഘത്തിന് പിന്നാലെ ആരോഗ്യ സർവകലാശാല സംഘവും പരിശോധന നടത്തി. നിലവിലെ സൗകര്യങ്ങളിൽ 2 സംഘങ്ങളും മതിപ്പ് രേഖപ്പെടുത്തി.

കിഫ്ബിയിൽ നിന്ന് 300 കോടി രൂപയാണ് വയനാട് ഗവ മെഡിക്കൽ കോളേജിനായി നീക്കി വച്ചിട്ടുള്ളത്. പ്രിൻസിപ്പലിന് പുറമേ 3 പ്രഫസർമാരും സീനിയർ റസിഡന്റും 4 അസി പ്രഫസർമാരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. 32 ജൂനിയർ റസിഡന്റുമാർ ഒക്ടോബർ 1ന് ജോലിയിൽ പ്രവേശിക്കും.

എച്ച്എംസി രൂപീകരണം, കോളേജ് ലോഗോ രൂപ കൽപന എന്നിവയുടെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കോളേജ് പ്രവർത്തനം എത്രയും വേഗം ആരംഭിക്കുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും ഒ ആർ കേളു എംഎൽഎ പറഞ്ഞു.