Mon. Dec 23rd, 2024
കണ്ണൂർ:

ഉന്നത വിദ്യാഭ്യാസത്തിന്റെ വിഹായസിലേക്ക്‌ ഉത്തരമലബാറിന്‌ ചിറകുനൽകിയ കണ്ണൂർ സർവകലാശാല രജതജൂബിലി പ്രഭയിൽ. തമസോമ ജ്യോതിർഗമയ (ഇരുട്ടിൽനിന്ന്‌ വെളിച്ചത്തിലേക്ക്‌) എന്ന ആപ്‌തവാക്യത്തിലൂന്നിയ അക്കാദമിക പ്രവർത്തനങ്ങളുടെ നാൾവഴികൾ നേട്ടങ്ങളാൽ സമ്പന്നം. എണ്ണിപ്പറയാവുന്ന അനാദിയായ അംഗീകാരങ്ങളും മാതൃകാപ്രവർത്തനങ്ങളുമുണ്ട്‌ ഉത്തരമലബാറിന്റെ വിജ്ഞാനവിപ്ലവം നയിച്ച സർവകലാശാലയുടെ പട്ടികയിൽ.

വിജ്ഞാനവ്യാപന ദൗത്യത്തിൽ ചില പരിമിതികൾ സർവകശാലാശാലയെ വരിഞ്ഞുമുറുക്കുന്നുമുണ്ട്‌.കണ്ണൂർ, കാസർകോട്‌ ജില്ലകളുടെയും വയനാട്‌ മാനന്തവാടി താലൂക്കിന്റെയും വിദ്യാഭ്യാസവും സാമൂഹ്യവുമായ പുരോഗതി ലക്ഷ്യമിട്ടാണ്‌ സർവകലാശാല പിറവിയെടുക്കുന്നത്‌. ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ദേശീയ–അന്തർദേശീയ ഗവേഷണ പ്ലാറ്റ്ഫോമുകൾ, സുസ്ഥിര വികസനത്തിനുള്ള നൈപുണ്യം നേടാൻ ഗ്രാമീണ സമൂഹത്തെ പ്രാപ്തരാക്കൽ എന്നിവ ദൗത്യമായി പ്രഖ്യാപിച്ച്‌ 1996ൽ പ്രവർത്തനം തുടങ്ങി.

മൾട്ടി ക്യാമ്പസ്‌ സംവിധാനത്തിലൂന്നിയുള്ള വികേന്ദ്രീകൃത പഠനസംവിധാനമാണ്‌ പ്രധാന സവിശേഷത. താവക്കര, മാങ്ങാട്ടുപറമ്പ്‌, ധർമശാല, പയ്യന്നൂർ, പാലയാട്‌, കാസർകോട്‌, നീലേശ്വരം, മഞ്ചേശ്വരം, മാനന്തവാടി എന്നീ ഒമ്പത്‌ ക്യാമ്പസുകളും 28 പഠനവകുപ്പുകളും പ്രവർത്തിക്കുന്നുണ്ട്‌. 105 കോളേജുകൾ അഫിലിയേറ്റ്‌ ചെയ്‌ത സർവകലാശാലയിൽ 70,790 വിദ്യാർത്ഥികളുമുണ്ട്‌.

നാക് ബി ഗ്രേഡ് അംഗീകാരമുള്ള സർവകലാശാല വൈസ്‌ ചാൻസലർ പ്രൊഫ ഗോപിനാഥ്‌ രവീന്ദ്രന്റെ നേതൃത്വത്തിൽ ഉയർന്ന ഗ്രേഡ്‌ കൈവരിക്കാനുള്ള ദൗത്യം തുടരുന്നു. ഭരണസംവിധാനം പൂർണമായും ഡിജിറ്റൽവൽക്കരിച്ചു. സാമ്പ്രദായിക കോഴ്‌സുകൾക്ക്‌ പുറമേ കംപ്യൂട്ടേഷണൽ ബയോളജി, പ്ലാന്റ് സയൻസ്, നാനോ സയൻസ്, ഗവേണൻസ്‌ ആൻഡ്‌ പൊളിറ്റിക്‌സ്‌ തുടങ്ങിയ പുതുതലമുറ കോഴ്‌സുകളും കഴിഞ്ഞ വർഷം ആരംഭിച്ചു.

ശാസ്ത്ര ഗവേഷണ മേഖലയിൽ വൻ മുന്നേറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയത്. ക്യാൻസർ മരുന്ന് നിർമിക്കാനുള്ള യുഎസ്‌ പേറ്റന്റ് സർവകലാശാലയുടെ ബയോടെക്നോളജി ആൻഡ്‌ മൈക്രോ ബയോളജി വകുപ്പിലെ അധ്യാപകഗവേഷക സംഘം നേടി. വിപുലമായ സൗകര്യങ്ങളോടെ സ്റ്റുഡന്റ് അമിനിറ്റി സെന്ററും ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിലും ബിസിനസ് ഇൻക്യുബേഷൻ സെന്ററും പുതിയ കാലത്തെ പ്രതീക്ഷകളാണ്.