Mon. Dec 23rd, 2024
കാഞ്ഞങ്ങാട്:

വിനോദ രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ നിർമാണം പുരോഗമിക്കുന്നു. കാസർകോട് വികസന പാക്കേജിൽ പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ പെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. രണ്ടു പണികളും പുരോഗമിക്കുകയാണ്.

കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിന് മുൻപിലാണ് കാസർകോട് വികസന പാക്കേജിൽ അനുവദിച്ച നിർമാണങ്ങൾ നടക്കുന്നത്. ഇവിടെ ആംഫി തിയറ്ററും നടപ്പാതയും ഭക്ഷണശാലയും പാർക്കിങ് ഏരിയയും വരും. ഇതിന് പുറമേ 7 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി സമുച്ചയവും നിർമിക്കും.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് സമീപമുള്ള സ്ഥലത്താണ് ടൂറിസം വകുപ്പിന്റെ പദ്ധതി വരുന്നത്. ഇവിടെ ഒരേസമയം 15 കാറുകൾക്കും 20 ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സ്ഥലം, കച്ചവട സ്ഥാപനങ്ങൾക്കുള്ള സൗകര്യം, റെയിൻ പവലിയൻ, കച്ചവട സൗകര്യം, റാംപുകൾ, ഇരിപ്പിടങ്ങൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറി, മുലയൂട്ടുന്ന അമ്മമാർക്ക്‌ പ്രത്യേക സൗകര്യം, സ്റ്റോർ റൂം, ഇലക്ട്രിക്കൽ റൂം, ലഘുഭക്ഷണ ശാല, കളി സ്ഥലം, പ്രദർശന നഗരി, മഴവെള്ള സംഭരണി, തെരുവു വിളക്കുകൾ, വയോജന വിശ്രമകേന്ദ്രം, കുട്ടികളുടെ കളി സ്ഥലം, സിസിടിവി സംവിധാനം, സെക്യൂരിറ്റി കാബിൻ, ആംഫി തിയറ്റർ, ആർട് ഗാലറി, വായന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിൽ ഒഴിവു സമയങ്ങൾ ചെലവഴിക്കാൻ മികച്ച സൗകര്യമുള്ള സ്ഥലം ലഭ്യമാകും.