പുൽപ്പള്ളി:
നിർമാണം പൂർത്തിയായി രണ്ടുവർഷം പിന്നിട്ടിട്ടും ഉദ്‌ഘാടനം നടക്കാതെ ചേകാടി പാലം. 10 കോടിയോളം രൂപ ചെലവഴിച്ചാണ് ജില്ലയിലെ ഏറ്റവും വലിയ ഈ മേൽപ്പാലം നിർമിച്ചത്. ഔദ്യോഗിക ഉദ്‌ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും നിരവധി വാഹനങ്ങൾ മൈസൂരു–മാനന്തവാടി ഭാഗങ്ങളിലേക്ക് ദിനംപ്രതി പോകുന്നുണ്ട്.
പുൽപ്പള്ളി–തിരുനെല്ലി പഞ്ചായത്തുകളെ ചേകാടി തോണിക്കടവിൽ കബനി നദിക്ക് കുറുകെ തിരുനെല്ലി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ പാലം വയനാട്ടിലെ ഏറ്റവും വലിയ മേൽപ്പാലമാണ്. 135 മീറ്റർ നീളവും 8 മീറ്റർ വീതിയുമുണ്ട് പാലത്തിന്. ചേകാടി ഭാഗത്തുനിന്നുള്ള അപ്രോച്ച് റോഡ് നാട്ടുകാർ പിരിവിട്ട തുകകൊണ്ടാണ് നിർമിച്ചത്.
തിരുനെല്ലി പഞ്ചായത്തിന്റെ ഭാഗത്ത് ഷാണമംഗലം മുതൽ ബാവലി വരെയുള്ള റോഡ് ഒ ആർ കേളു എംഎൽഎയുടെ ശ്രമഫലമായി ലഭിച്ച ഫണ്ടുകൊണ്ട് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.2005–2010 കാലഘട്ടത്തിൽ ബത്തേരി എംഎൽഎ ആയിരുന്ന പി കൃഷ്ണപ്രസാദിന്റെ ശ്രമഫലമായാണ് ചേകാടി പാലം അനുവദിച്ചത്. 2009 ആഗസ്‌തിൽ അന്നത്തെ ധനമന്ത്രി ഡോ തോമസ് ഐസക്ക് തറക്കല്ലുമിട്ടു.
പിന്നീട് കേരളത്തിലെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ നിന്നുമാറി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങി. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമാണ് കൂടുതൽ ഫണ്ട് നൽകി പ്രവർത്തനങ്ങൾ പുരോഗമിച്ചത്.പുൽപ്പള്ളിയിൽനിന്ന് വടാനക്കവല, പാളക്കൊല്ലി, കുണ്ടുവാടി വനപാത വീതി കൂട്ടിയാൽ മാത്രമേ വാഹനഗതാഗതം സുഗമമാക്കാനാവൂ.
ഇതിന് വനംവകുപ്പിന്റെ സമ്മതവും ആവശ്യമാണ്. ഈ വനപാത ഉടൻതന്നെ വികസിപ്പിച്ച് പാലം ഔദ്യോഗികമായി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.