Wed. Nov 6th, 2024
ചിറ്റാരിക്കാൽ:

ചട്ടമലയിൽ തിങ്കളാഴ്‌ച വേറിട്ടൊരു ചന്ത നടന്നു; സ്ത്രീകളുടെ മാത്രം ആടുചന്ത. ആടിനെ കാണാനും വാങ്ങാനും കാണാനും കണ്ണൂർ ജില്ലയിൽ നിന്നുപോലും ആൾക്കാരെത്തി.

തനി നാടൻ അടക്കം മലബാറി, ബീറ്റൽ, ജെമുന പ്യാരി, ബീറ്റൽ ശങ്കരയിനം അടക്കം നൂറോളം ആടുകളാണ് ചന്തയിൽ നിരന്നത്. പകുതിയോളം വിറ്റഴിച്ചു. നിരവധിയെണ്ണത്തിന് ടോക്കൺ കൊടുത്ത് ബുക്ക് ചെയ്തിരിക്കുകയാണ് ആവശ്യക്കാർ.

6000 രൂപ മുതൽ 45000 രൂപ വരെ വിലയുള്ള ആടുകളെയാണ് വിറ്റത്. വില നിശ്ചയിക്കുന്നതും ഉറപ്പിക്കുന്നതും എല്ലാം വനിതാ കർഷകർ തന്നെ.കുടുംബശ്രീ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ആടുകളെ വിൽക്കാനും വാങ്ങിക്കുവാനുമുള്ള വേദിയായാണ് ചന്ത ഒരുക്കിയത്.

ഇടനിലക്കാരെ ഒഴിവാക്കി ആട് വളര്‍ത്തലിലൂടെ ഉപജീവനം നടത്തുന്ന വനിതാ കര്‍ഷകര്‍ക്ക് നേരിട്ട്‌ കച്ചവടം നടത്താനായി. ആടുഗ്രാമം പദ്ധതി പ്രകാരം വളർത്തിയ ആടുകളെയാണ് വില്‍പനയ്ക്കായി എത്തിച്ചത്. വെസ്റ്റ് എളേരിയിൽ അഞ്ച് പേരടങ്ങുന്ന നാല് ഗ്രൂപ്പുകളാണ് ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.

പുതിയ രണ്ട് ഗ്രൂപ്പ് കൂടി അനുവദിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പിന് 20 ആടിനെ വാങ്ങാൻ ഒന്നര ലക്ഷം രൂപവരെയാണ് സഹായം. ഇതിൽ അരലക്ഷം സബ്‌സിഡിയാണ്‌.