Sun. Dec 22nd, 2024
കണ്ണൂർ:

ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന്‍റെ അതിർത്തിയിലുള്ള ചീങ്കണ്ണിപ്പുഴയിൽ പൂക്കുണ്ട് കയത്തിലാണ് ആനയെ കണ്ടെത്തിയത്. ഏഴ് മണിക്കൂറിലധികമായി ആന പുഴയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.ആനയുടെ മസ്തകം പകുതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

പിന്‍ഭാഗത്തും ചെവിയിലും മസ്തകത്തിലുമായി കമ്പുകൊണ്ടും മറ്റും കുത്തേറ്റ മുറിവുണ്ടെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. ആനക്കൂട്ടം തമ്മിലുണ്ടായ സംഘര്‍ഷത്തിലാകാം പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.ഇന്നു രാവിലെ പ്രദേശത്ത് റബ്ബര്‍ ടാപ്പിങ്ങിനായി പോയ തൊഴിലാളികളാണ് ആന പുഴയില്‍ നിലയുറപ്പിച്ചതായി കണ്ടത്.

വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡി എഫ്ഒ അടക്കമുള്ളവരെ വിവരമറിയിച്ചിട്ടുണ്ടെന്നും അവരുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.