Wed. Jan 22nd, 2025
ഫോർട്ട് കൊച്ചി ജനങ്ങളറിയാതെ ഒരു മാലിന്യസംസ്കരണ ഫാക്ടറി
ഫോർട്ട് കൊച്ചി:

പ്രതിഷേധങ്ങളെ അവഗണിച്ച് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ  (സിഎസ്എംഎൽ) 166 കോടി രൂപയുടെ മലിനജല ശുദ്ധീകരണ ശാലയുടെ നിർമാണ പ്രവർത്തനം ഫോർട്ട് കൊച്ചി കൽവത്തിയിൽ ആരംഭിച്ചു. പോലീസ് സുരക്ഷയിൽ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ്  മണ്ണുപരിശോധനയും ചുറ്റുമതിൽ നിർമാണവും കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചത്. പ്രതിദിനം 6.50 ദശലക്ഷം ലിറ്റർ മലിനജല ശുദ്ധീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പ്ലാന്റ് ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിക്ക് സമീപം 45 സെന്റിലാണ് സ്ഥാപിക്കുന്നത്. കൊച്ചി കോർപറേഷന്റെ 1 മുതൽ 5 വരെയുള്ള ഫോർട്ട് കൊച്ചി, കല്‍വത്തി, ഈരവേലി, കരിപ്പാലം, മട്ടാഞ്ചേരി എന്നീ വാർഡുകളിലെ മലിനജലം ശുദ്ധീകരിക്കാൻ പദ്ധതിയിട്ടാണ് ഇത് ആരംഭിക്കുന്നത്.

ഫോർട്ട് കൊച്ചിയിൽ നിർമാണം പുരോഗമിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ കവാടവും സുരക്ഷയൊരുക്കി പോലീസ് ഉദ്യോഗസ്ഥരും Kalvathy, Fort kochi (c) Woke malayalam
ഫോർട്ട് കൊച്ചിയിൽ നിർമാണം പുരോഗമിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ കവാടവും സുരക്ഷയൊരുക്കി പോലീസ് ഉദ്യോഗസ്ഥരും Kalvathy, Fort kochi (c) Woke malayalam

കോർപറേഷനിലെ അഞ്ച് ഡിവിഷനുകളിലെ 41,835-ഓളം ജനങ്ങൾ ഉൾക്കൊള്ളുന്ന 9,280 വീടുകളിൽ നിന്നുള്ള മാലിന്യമാണ് സംസ്കരിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പശ്ചിമ കൊച്ചി പ്രദേശത്ത് വീടുകളിൽനിന്നുള്ള ശുചിമുറി  മാലിന്യങ്ങളടക്കം ഓടകളിലൂടെ സമീപത്തെ കല്‍വത്തി തോടിലേക്കാണ് ഒഴുകുന്നത്. കനാലിലെ ഒഴുക്ക് കുറവും അനിയന്ത്രിത മാലിന്യ വരവും നിലവിൽ പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങളടക്കം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാക്കുന്നുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് കൊച്ചിൻ സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനുള്ള തീരുമാനം കൈക്കൊണ്ടത്.

നിർമാണം ആരംഭിച്ചിരിക്കുന്ന പ്ലാന്റ് ഡച്ച് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ്, 80.87 കി.മീ വാക്വം മലിനജല ലൈനുകളും 46.4 കി.മീ ഗ്രാവിറ്റി റൈഡറുകളും ഉപയോഗിച്ച് പ്രദേശത്തെ വീടുകളിൽനിന്ന്  ശുദ്ധീകരണ പ്ലാന്റിലേക്ക് (STP) മലിനജലം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഉയർന്ന ജലനിരപ്പും താരതമ്യേന പരന്ന ഭൂപ്രകൃതിയും ഉള്ള ഒരു താഴ്ന്ന തീരപ്രദേശമായതിനാൽ, പരമ്പരാഗത ഗുരുത്വാകർഷണ അധിഷ്ഠിത സംവിധാനത്തിന് ആഴത്തിൽ ഖനനവും ഉയർന്ന അളവിലുള്ള പമ്പിംഗ് സ്റ്റേഷനുകളും ആവശ്യമാണ്. അതിനാൽ പശ്ചിമ കൊച്ചിക്ക് അനുയോജ്യമായ രീതിയിലുള്ള സാങ്കേതിക വിദ്യയാണ് ഈ പദ്ധതിയിൽ പ്രയോജനപ്പെടുത്തുന്നത്.  പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ വാക്വം അധിഷ്ഠിത മലിനജല സാങ്കേതിക വിദ്യയാകുമിതെന്നും സിഎസ്എംഎൽ പറയുന്നു.

നിർദ്ദിഷ്ട പദ്ധതിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി Kalvathy, Fort kochi (c) Woke malayalam
നിർദ്ദിഷ്ട പദ്ധതിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി Kalvathy, Fort kochi (c) Woke malayalam

പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ആരംഭ ഘട്ടമായി നടത്തിയ മണ്ണ് പരിശോധനയടക്കമുള്ള പ്രവർത്തനങ്ങൾക്കെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. പദ്ധതി പ്രദേശം അതീവ ജനസാന്ദ്രത ഉള്ള മേഖലയാണെന്നും ആശുപത്രിയും സ്കൂളുകളും അടക്കം അനേകം സ്ഥാപനങ്ങൾ ഉണ്ടെന്നുമുള്ള ആശങ്കകളാണ് പ്രദേശവാസികൾ മുന്നോട്ട് വയ്ക്കുന്നത്.

പദ്ധതിയുടെ പ്രഖ്യാപനവും തുടർന്നുണ്ടായ സംഭവങ്ങളെപ്പറ്റിയും യുഡിഎഫ്  എറണാകുളം ജില്ലാ ട്രഷററും പ്രദേശവാസിയുമായ എൻ കെ നാസർ പറയുന്നു. “2019-ൽ കൊച്ചിൻ കോർപറേഷനിലെ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിച്ച ഒരു പദ്ധതിയാണിത്. പദ്ധതി കൗൺസിൽ അംഗീകരിക്കുകയും പൊതുജന അഭിപ്രായം തേടാതെ മുന്നോട്ട് പോവുകയും ചെയ്തതാണ്.

പദ്ധതിക്കായി ഫോർട്ട് കൊച്ചി ഗവണ്മെന്റ് ആശുപത്രിയുടെ 20 സെന്റ് ഭൂമിയടക്കം സിഎസ്എംഎൽ ഏറ്റെടുക്കുകയും ചെയ്തതിനു ശേഷമാണ്  പ്രദേശവാസികളായ ഞങ്ങൾ ഇതിനെക്കുറിച്ച് അറിയുന്നത്. തുടർന്ന് നടത്തിയ ചർച്ചയിൽ ജനങ്ങൾ അവരുടെ ആശങ്കകൾ അറിയിച്ചതിനെത്തുടർന്ന് അന്നത്തെ മേയർ സൗമിനി ജെയിനുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തുകയും  മേയർ രേഖാമൂലം പദ്ധതി ആ സ്ഥലത്തു നിന്ന് മാറ്റണമെന്ന് സിഎസ്എംഎൽ-നെ അറിയിച്ചതുമാണ്. അതുമാത്രമല്ല, ഞങ്ങൾ ഫോർട്ട് കൊച്ചി ബോട്ട് ജെട്ടിക്കടുത്തുള്ള പോർട്ട് ട്രസ്റ്റിന്റെ സ്ഥലം, മറ്റു ജനവാസം ഇല്ലാത്ത സ്ഥലങ്ങൾ അങ്ങനെ അനേകം പ്രദേശങ്ങൾ കാണിച്ചു കൊടുത്തതാണ്.”

“ഇവിടുത്തെ ഏറ്റവും സങ്കീർണമായ പ്രശ്നം എന്ന് പറയുന്നത് ഇതിന്റെ തൊട്ടുചേർന്ന് ആശുപത്രിയും, ഫാത്തിമ കോൺവെന്റിന്റെ നഴ്സറിയും അതിനേക്കാൾ ഉപരി മെഹബൂബ് പാർക്ക് കോളനിയിൽ ഏകദേശം 65-ഓളം കുടുംബങ്ങൾ, അതിന്റെ ചുറ്റുവട്ടത്തുള്ള ചേരിപ്രദേശത്തെ ജനങ്ങൾ, ഇങ്ങനെ ജനങ്ങൾ തിങ്ങി താമസിക്കുന്ന ഒരു പ്രദേശത്ത്  ഇതുകൊണ്ടുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വ്യക്തമായ രീതിയിൽ നമ്മൾ ചൂണ്ടിക്കാണിച്ചതാണ്. ആ പ്രശ്നങ്ങളൊക്കെയും തീർച്ചയായും ശരിയാണെന്നാണ് ഇവിടുത്തെ ആരോഗ്യപ്രവർത്തകരും സാമൂഹിക പ്രവർത്തകരും പറയുന്നത്.  ഇപ്പോൾ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ജനസാന്ദ്രത വളരെ അധികമുള്ള ഈ ചേരിപ്രദേശത്തെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട്  പോലീസിനെ വിന്യസിച്ച്  ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ഞങ്ങൾ തുടക്കം കുറിച്ചിട്ടുള്ളത്.”  

പദ്ധതിയെപ്പറ്റി 2019-ൽ നടത്തിയ അവസാന ചർച്ചയിൽ പ്ലാന്റ് ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾ നിർത്തിയതാണ് എന്നും പറഞ്ഞിരുന്നതായാണ് പരിസരവാസികൾ പറയുന്നത്. പെട്ടെന്ന് ഒരു മുന്നറിയിപ്പും കൂടാതെ പോലീസിനെ വിന്യസിച്ച് ആരംഭിച്ച പ്രവർത്തനങ്ങൾ ഞെട്ടലോടെയാണ് പ്രദേശവാസികൾ കാണുന്നത്.

കഴിഞ്ഞ ആഴ്ച പുനരാരംഭിച്ച നിർമാണ പ്രവർത്തനത്തെപ്പറ്റി പദ്ധതിയോട് ചേർന്ന് താമസിക്കുന്ന ബുഷറ വിവരിക്കുന്നു. “2019 ൽ നടന്ന മീറ്റിംഗിനു ശേഷം ഇലക്ഷൻ ഒക്കെ കഴിഞ്ഞപ്പോ ഞങ്ങളുടെ കൗൺസിലർ ഞങ്ങളോട് പറഞ്ഞു ഇത് ഫുട്ബോൾ ടർഫ് ആക്കാൻ പോവുകയാണെന്ന്. അപ്പൊ ഞങ്ങളും അത് നല്ല കാര്യമാണെന്ന് വിചാരിച്ചു, പക്ഷെ പെട്ടെന്ന് കഴിഞ്ഞ തിങ്കളാഴ്ച ഞാൻ ഗേറ്റ് തുറക്കുമ്പോ കാണുന്നത് പോലീസിനെ ആണ്.  ഇഷ്ടംപോലെ പോലീസ് ഞങ്ങളുടെ വാതിൽക്കൽ, അപ്പൊ ഞാൻ പോലീസിനോട് ചോദിച്ചു എന്താണിവിടെ പ്രശ്നം? അപ്പൊ അവർ പറഞ്ഞു ഇത് സീവേജ് പ്ലാന്റിന്റെ മണ്ണ് പരിശോധന ആണെന്ന്.”

മാലിന്യ സംസ്കരണ പ്ലാന്റ് ജനവാസ മേഖലയിൽ വന്നാലുണ്ടാകാവുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ആശങ്ക സമീപവാസിയായ ഷിനാസ് പറയുന്നു. “പ്ലാന്റ് നല്ലതാണ്. പക്ഷേ, അത് ജനങ്ങൾ ഇല്ലാത്ത സ്ഥലത്താണ് ചെയ്യേണ്ടത്. അല്ലാതെ ഇവിടെ നമ്മൾ ഇങ്ങനെ തിങ്ങി താമസിക്കുന്ന സ്ഥലത്തല്ല ഇത് വരേണ്ടത്. കാരണം രണ്ടു കിലോമീറ്റർ ചുറ്റളവ് വരെ ഇതിന്റെ നാറ്റം ഉണ്ടാകും, കഴിഞ്ഞ തവണത്തെ മീറ്റിംഗിൽ കോൺട്രാക്ടറും പറഞ്ഞതാണ് നാറ്റം വരും അത് നിങ്ങൾ ഉദ്ദേശിക്കുന്ന അത്രേം ഉണ്ടാവില്ലെന്ന്. അപ്പൊ നമ്മൾ എത്രയാണ് ഉദ്ദേശിക്കുന്നെന്നു അവർക്കറിയില്ലല്ലോ. തൊട്ടപ്പുറത്ത് ഒരു കോളനി ഉണ്ട്, ഇപ്പൊ ഇവിടെ ഒരു ഫ്ലാറ്റ് വരുന്നുണ്ട് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി. അത് പണി തീർന്നാൽ അവിടെ 200 കുടുംബങ്ങൾ ആണ് വരാൻ പോകുന്നത്.” 

പദ്ധതിയോട് ചേർന്ന് പൂർത്തീകരണത്തിലേക്ക് എത്തുന്ന രാജീവ് ഗാന്ധി ആവാസ് യോജ്ന പദ്ധതിയുടെ കെട്ടിടം Kalvathy, Fort kochi (c) Woke malayalam
പദ്ധതിയുടെ സമീപം പൂർത്തീകരണത്തിലേക്ക് എത്തുന്ന രാജീവ് ഗാന്ധി ആവാസ് യോജ്ന പദ്ധതിയുടെ കെട്ടിടം Kalvathy, Fort kochi (c) Woke malayalam

പ്ലാന്റ് പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് വന്ന ഉദ്യോഗസ്ഥരുമായി ആശങ്കകൾ പങ്കുവച്ച സമീപവാസിയായ റെനീഷ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നു. “അവർക്ക് വ്യക്തമായി അറിയാം ഇവിടുത്തെ ആളുകൾക്ക് ഈ പദ്ധതി ഇവിടെ വരാൻ താത്പര്യമില്ലെന്ന്. ഞങ്ങൾ മണ്ണ് പരിശോധന നടക്കുമ്പോൾ അതിനെപ്പറ്റി ചോദിക്കാൻ ചെല്ലുമ്പോൾ പോലീസ് പറയുന്നത് ഇത് ഇപ്പോൾ മണ്ണ് പരിശോധന മാത്രമാണ്, ഒരു ആറ് മാസത്തിനു ശേഷം നിങ്ങളുടെ ഒപ്പ് വാങ്ങിയതിന് ശേഷമേ ഈ പ്രൊജക്റ്റ് ചെയ്യുകയുള്ളൂ എന്ന്. ഞാൻ അവരോട് പറഞ്ഞു അത് നടക്കാത്ത കാര്യമാണ്, ഈ മണ്ണ് പരിശോധന പോലീസ് ഫോഴ്‌സിനെ ഉപയോഗിച്ച് ചെയ്യാമെന്നുണ്ടെങ്കിൽ അവർ ഈ പ്രൊജക്റ്റ് ചെയ്യുക തന്നെ ചെയ്യും. ഇവർക്ക് ജനങ്ങളുടെ താല്പര്യത്തിനു വില കല്പിച്ച് ഇത് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ മണ്ണ് ടെസ്റ്റ് ചെയ്യുന്നതിന് മുൻപേ ജനങ്ങളുടെ അഭിപ്രായവും അവരുടെ ഒപ്പും വാങ്ങിയിട്ടേ ഇത് തുടങ്ങൂ. ഞങ്ങളുടെ വീടിനു മുൻപിൽ മുഴുവൻ പോലീസ് ആണ്, ഞങ്ങൾക്ക് ഭയമാണ് പുറത്തിറങ്ങാൻ, എന്തിനാണ് ഞങ്ങളെ ഇത്രയും പേടിപ്പിച്ചിട്ട് ഈ പ്രൊജക്റ്റ് കൊണ്ടുവരുന്നത്. ജനങ്ങളുടെ നന്മക്കുവേണ്ടി പ്രവർത്തിക്കുന്ന ഗവണ്മെന്റ് ആണെങ്കിൽ ജനങ്ങൾക്ക് താല്പര്യമില്ലാത്ത ഒരു കാര്യത്തിനെ എന്തിനാണ് അടിച്ചേൽപ്പിച്ചുകൊണ്ട് ഇവിടെ വരുത്താൻ ശ്രമിക്കുന്നത്. പദ്ധതിയോട് ഞങ്ങൾ എതിരല്ല, പക്ഷേ ജനങ്ങളുടെ ഒത്ത നടുക്ക് പാടില്ല എന്നാണ് ഞങ്ങൾ പറയുന്നത്.”

പദ്ധതി നിർമാണം ആരംഭിച്ച സ്ഥലത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അത് ഈ രീതിയിലേക്ക് മാറ്റിയെടുത്തതിനെപ്പറ്റിയും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റിയും കല്‍വത്തി റെസിഡന്റ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി താഹർ പിബി പറയുന്നു.

“ഇതൊരു കുളമാണ്. പണ്ടുകാലത്ത് എല്ലാ സാധനങ്ങളും തോട് വഴി വള്ളത്തിൽ ഇവിടെയാണ് വന്നിരുന്നത്. ആരുമറിയാതെ അത് നികത്തിയാണ് ഇപ്പൊ ഈ പദ്ധതി ഇവിടെ വന്നിരിക്കുന്നത്. പോലീസ് എത്തിയപ്പോൾ കൗൺസിലറെ ബന്ധപ്പെട്ടു കിട്ടിയില്ല, അപ്പൊ കൗൺസിലർ സമ്മതം കൊടുത്തെന്ന് പറയുന്നു, അത് നമുക്കറിയില്ല. ആകെ ഇതിനെപ്പറ്റി പോലീസ് ഉദ്യോഗസ്ഥരിൽ നിന്നാണ് നമ്മൾ വിവരങ്ങൾ അറിയുന്നത്. ഇത് ഇവിടുന്ന് മാറ്റി സ്ഥാപിക്കണം അല്ലെങ്കിൽ ബ്രഹ്മപുരത്ത് പറ്റിയതിലും മാരകമായ രൂപത്തിൽ ഇവിടെ ബുദ്ധിമുട്ടുണ്ടാകും.”

ഇന്നലെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് തടയാൻ പോലീസ് ബാരിക്കേഡുകൾ നിർത്തിയിരിക്കുന്നു Kalvathy, Fort kochi (c) Woke malayalam
ഇന്നലെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് തടയാൻ പോലീസ് ബാരിക്കേഡുകൾ നിർത്തിയിരിക്കുന്നു Kalvathy, Fort kochi (c) Woke malayalam

കോർപറേഷൻ ഈ പദ്ധതിയെ സംബന്ധിച്ച് പലവട്ടം ചർച്ചകൾ നടത്തി നിർമാണ പ്രവർത്തനം 2019-ൽ നിർത്തിവച്ചതാണെന്നുമിരിക്കെ, വാർഡ് കൗൺസിലർക്കു പോലും അറിയിപ്പ് നൽകാതെയാണ് നിർമാണം പുനരാരംഭിച്ചിരിക്കുന്നത്. നിലവിലെ സ്ഥിതിയ്ക്ക് ഈ നടക്കുന്ന പ്രവർത്തനം നിയമ വിധേയമായുള്ളതല്ലെന്നും ഏകപക്ഷീയമായി ജനങ്ങൾക്കുമേൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും കല്‍വത്തി കൗൺസിലർ ടി കെ അഷ്‌റഫ് പറയുന്നു.

“ഒരു ചർച്ചയും ചെയ്യാതെ ഏകപക്ഷീയമായി പദ്ധതി അടിച്ചേൽപ്പിക്കുകയാണ് നടന്നത്. നിർമാണത്തിന് നഗരസഭ എന്റെ അറിവിൽ അനുമതി കൊടുത്തിട്ടില്ല. അത് രേഖാമൂലം എന്നെ അറിയിച്ചിട്ടുമുണ്ട്. അനുമതി ഇല്ലാതെയാണ് ഇപ്പൊ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.  നഗരസഭ 2019-ൽ നിർമാണം നിർത്തി പെൻഡിങ്ങിൽ വച്ചിരിക്കുന്ന ഒരു പദ്ധതിയാണിത്. കൗൺസിലർ ആയ ഞാൻ പോലും അറിഞ്ഞില്ല നിർമാണം തുടങ്ങുന്ന കാര്യം. ബിടിആറിൽ കുളം എന്ന് കിടക്കുന്ന പ്രദേശമാണത്. അത് കൺവെർട്ട് ചെയ്യാതെ എങ്ങനെ നിയമപരമായി സർക്കാരിന് അവിടെ ഒരു നിർമാണ പ്രവർത്തനം നടത്താൻ പറ്റും. നിയമം എല്ലാവർക്കും ബാധകമാണ് ജനങ്ങൾക്ക് ദോഷമായുള്ള ഈ പദ്ധതി അവിടെ വരുന്നത് നിയമപരമായി ഞങ്ങൾ നേരിടും. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തി എല്ലാവരുമായി ഒരു ചർച്ച വയ്ക്കുക എന്നാണു് എനിക്ക് പറയാനുള്ളത്.”