കണ്ണപുരം:
പഴന്തുണിയോ കീറക്കടലോസോ പോലും അലക്ഷ്യമായി വലിച്ചെറിയില്ലെന്നത് കണ്ണപുരത്തുകാരുടെ തീരുമാനമാണ്. പ്ലാസ്‌റ്റിക് മുതൽ പഴന്തുണിവരെ പഞ്ചായത്ത് നേതൃത്വത്തിൽ നിശ്‌ചിത ദിവസങ്ങളിൽ വീടുകളിലെത്തി ശേഖരിച്ചാണ് കണ്ണപുരം സമ്പൂർണ മാലിന്യമുക്ത ഗ്രാമമെന്ന ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നത്. ഓരോ ഇനത്തിനും ശേഖരണ ദിവസം മുൻകൂട്ടി നിശ്ചയിച്ചാണ് പ്രവർത്തനം.
മാസംതോറും പൊതുഇടങ്ങളിൽനിന്നുള്ള മാലിന്യം ശേഖരിക്കും. വീടുകളിൽ വിതരണം ചെയ്ത കലണ്ടർ പ്രകാരം പഴന്തുണികളും ശേഖരിക്കും.ഇടക്കേപ്പുറം വടക്ക് ദേശീയ യുവജനസംഘം വായനശാല പരിസരത്ത് കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിർ ഉദ്ഘാടനംചെയ്തു.
കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നിത കൃഷ്ണൻ പ്രവർത്തനം വിശദീകരിച്ചു. ഇതിനകം 12 ടൺ കുപ്പി ശേഖരിച്ചു. ക്ലീൻ കേരള കമ്പനിയുമായി ചേർന്നാണ് പ്രവർത്തനം.
വൈസ് പ്രസിഡന്റ് എം ഗണേശൻ, വി വിനീത, പി വിദ്യ, എ വി പ്രഭാകരൻ, ഹരിത കേരള മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ഇ കെ സോമശേഖരൻ, ക്ലീൻ കേരള കമ്പനി കണ്ണൂർ ജില്ലാ മാനേജർ ആശംസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം കെ നാരായണൻ കുട്ടി സ്വാഗതവും വി ഇ ഒ പത്മലത നന്ദിയും പറഞ്ഞു.