Sat. Nov 23rd, 2024
ചക്കരക്കൽ:

അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാല ബംഗ്ലാവ് മെട്ടയിൽ ഫയർ ആൻഡ്‌ റസ്ക്യു വകുപ്പിന്റെ റീജണൽ ട്രെയിനിങ് സെന്ററും ഫയർസ്റ്റേഷനും വരുന്നു. പൊലീസ്‌ വകുപ്പിന്റെ കൈവശുള്ള നാലര ഏക്കർ സ്ഥലത്താണ്‌ ട്രെയിനിങ്‌ സെന്ററും ഫയർ സ്‌റ്റേഷനും സ്ഥാപിക്കുക. നിലവിൽ തൃശൂരിൽ മാത്രമാണ് ട്രെയിനിങ് സെന്റർ ഉള്ളത്.

സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് ഇവിടെ ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം നിർമിക്കും.
പുതുതായി ഫയർഫോഴസ്‌ സേനയിലേക്ക്‌ റിക്രൂട്ട്‌ ചെയ്യുന്നവർക്കുള്ള പരിശീലനമാണ്‌ ഇവിടെ പ്രധാനമായും നടക്കുക. കപ്പാസിറ്റി ഡെവലപ്മെന്റ്‌ സ്കീം പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഫയർ ഫോഴ്സിനെ സഹായിക്കുന്ന സിവിൽ ഡിഫൻസ് ടീമിന്റെ പരിശീനവും ഇവിടെ നൽകും.വിവിധ പൊലീസ്‌ സ്‌റ്റേഷനുകൾക്ക്‌ കീഴിലെ അബ്കാരി, മണൽകടത്ത്, ചന്ദനക്കടത്ത്, കേസുകളിൽ പിടികൂടുന്ന വാഹനങ്ങളാണ്‌ ഇപ്പോൾ ഈ സ്ഥലത്ത്‌ കൂട്ടിയിട്ടിരിക്കുന്നത്‌. പാമ്പും വന്യജീവികളും താവളമാക്കിയ ഇവിടം സിവിൽ ഡിഫൻസ്‌ ടീം ശുചീകരിച്ചുകൊണ്ടിരിക്കുകയാണ്.

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ ഡോ ബി സന്ധ്യ കഴിഞ്ഞ ദിവസം നിർദ്ദിഷ്ട പദ്ധതി പ്രദേശം സന്ദർശിച്ചു. വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉടൻ സർക്കാറിലേക്ക് കൈമാറും. റിപ്പോർട്ട് അംഗീകരിക്കുന്ന മുറക്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.