Fri. Nov 22nd, 2024
പരിയാരം:

കാൽനൂറ്റാണ്ടു കാലം ഉത്തരമലബാറിന്റെ ആരോഗ്യ മേഖലയുടെ കരുത്തായ പരിയാരം മെഡിക്കൽ കോളേജിനെ രാജ്യാന്തര നിലവാരത്തിലുള്ള ആതുരശുശ്രൂഷാ കേന്ദ്രമായി ഉയർത്താനുള്ള ഭൗതിക സാഹചര്യം പരിയാരത്തു നിലവിലുണ്ട്. ജനതയുടെ ആരോഗ്യ സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ പരിയാരം വെറുമൊരു സർക്കാർ ആശുപത്രിയായി പ്രവർത്തിച്ചാൽ മാത്രം പോര. വിശാലമായ സ്ഥലവും കെട്ടിട സൗകര്യമുള്ള പരിയാരം മെഡിക്കൽ കോളേജിന്റെ ഭാവി വികസനത്തിനു കക്ഷിരാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഇച്ഛാശക്തിയും സമ്മർദവുമാണ് വേണ്ടത്.

ദേശീയപാതയോരത്ത് ആരോഗ്യ വകുപ്പിനു കീഴിൽ 200 ഏക്കർ ഭൂമിയും വിശാലമായ കെട്ടിടവും യാത്രാസൗകര്യവും. എട്ടു നില ആശുപത്രി കെട്ടിടത്തിന്റെ മേൽത്തട്ടിൽ ഹെലികോപ്റ്റർ പറന്നിറങ്ങാനും സൗകര്യമുണ്ട്. നിലവിൽ 20 സ്പെഷ്യൽറ്റി, 12 സൂപ്പർ സ്പെഷ്യൽറ്റി ചികിത്സാ വിഭാഗം, ഡെന്റൽ കോളജ്, നഴ്സിങ് കോളജ്, ഫാർമസി കോളജ്, രാജ്യാന്തര നിലവാരമുള്ള ഹൃദയാലയ തുടങ്ങിയവ പ്രവർത്തിക്കുന്നു.

എൽകെജി മുതൽ മെഡിക്കൽ പിജി കോഴ്സ് വരെ ക്യാംപസിലുണ്ട് എന്നതും പരിയാരത്തിന്റെ പ്രത്യേകതയാണ്. പരിയാരം മെഡിക്കൽ കോളജിനു സമീപത്തായി പയ്യന്നൂർ, പഴയങ്ങാടി റെയിൽവേ സ്റ്റേഷനും വിമാനത്താവളവും വികസനത്തിനു അനുകൂല ഘടകമാണ്. ഏഴിമല നാവിക അക്കാദമി, കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് യൂണിറ്റ്, പെരിങ്ങോം സിആർപിഎഫ് കേന്ദ്രം, വിമാനത്താവളം, കാസർകോട് ജില്ലയിലെ കേന്ദ്ര സർക്കാർ കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ അടക്കമുള്ളവരുടെ ചികിത്സാ കേന്ദ്രമായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പരിയാരത്തെ മാറ്റാൻ സാധിക്കും.