Fri. Nov 22nd, 2024
കാസർകോട്​:

ഉപയോഗിച്ചശേഷമുള്ള എണ്ണ ​ഉപയോഗിച്ച്​ ബയോഡീസൽ ഉൽപ്പാദിപ്പിക്കുന്ന സംസ്​ഥാനത്തെ ആദ്യ പ്ലാൻറ്​ കാസർകോട്​ ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിൻറെ നേതൃത്വത്തിൽ ചില ജില്ലകളിൽ നേരത്തേ ഇത്തരം എണ്ണശേഖരിച്ചുവെങ്കിലും കേരളത്തിൽ പ്ലാൻറ്​ ഇല്ലാത്തതിനാൽ അതൊന്നും ഫലപ്രദമായില്ല.കാൻസർ ഉൾപ്പടെയുള്ള മാരക രോഗങ്ങൾക്ക്​ കാരണമാകുന്നതിനാൽ മീനും ചിക്കനും വറുത്ത എണ്ണ,വീടുകളിൽ നിന്ന് കുടുംബശ്രീ പ്രവർത്തകരെത്തി ശേഖരിക്കും. ചുമ്മാതല്ല, പണവും കിട്ടും

ഹോട്ടലുകളിലും​ ബേക്കറികളിലും ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ്​ രീതി. വെളിച്ചെണ്ണക്കും പാംഓയിലിനും പൊള്ളുംവിലയാവും മുമ്പേ അതാണ്​ ശീലം. ഭക്ഷ്യസുരക്ഷവകുപ്പ്​ ഉദ്യോഗസ്​ഥർ ആ വഴിക്ക്​ തിരിഞ്ഞുനോക്കാത്തതിനാൽ ഇതെല്ലാം നാട്ടുനടപ്പാണ്​. എന്നാൽ, ഈ എണ്ണക്ക്​ ആവശ്യക്കാരുണ്ടാവുകയും പണം കിട്ടുന്ന കാര്യമാവുകയും ചെയ്യുമ്പോൾ ഹോട്ടലുകളും ബേക്കറികളും മാറിച്ചിന്തിക്കാൻ സാധ്യതയേറെ.

ഇത്തരമൊരു സംരംഭം കൂടിയാണ്​ ബയോഡീസൽ പ്ലാൻറ്​.പാചകത്തിന് ഉപയോഗിച്ച എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംരംഭം വിദേശരാജ്യങ്ങളിൽ വൻ വിജയമാണ്​. ഗൾഫിൽ മലയാളികൾ നടത്തുന്ന കമ്പനികളുമുണ്ട്​.

ഉത്തരേന്ത്യയിൽ വിവിധ സംസ്​ഥാനങ്ങളിലും ഇത്തരം പ്ലാൻറുകൾ വന്നു കഴിഞ്ഞു. കാസർകോട്​ കുമ്പള അനന്തപുരത്തെ വ്യവസായ വകുപ്പിൻറെ രണ്ടേക്കര്‍ സ്ഥലത്താണ് പ്ലാൻറ്​ സ്​ഥാപിക്കുന്നത്​. പ്രതിമാസം 500 ടണ്‍ ബയോ ഡീസല്‍ ഉൽപാദന ശേഷിയുള്ള ഫാക്ടറിയാണ്​ ലക്ഷ്യം.

ഡിസംബറോടെ പ്ലാൻറ്​ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്ലാൻറിന്​ ആവശ്യമായ പഴയ എണ്ണ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിൽനിന്ന്​ ശേഖരിക്കും. ഇതിനു പുറമെ തമിഴ്​നാട്ടിൽനിന്ന്​ എത്തിക്കും​.

ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും ഹരിത കര്‍മ സേനാംഗങ്ങളെയും കൂലി നൽകി ചുമതലപ്പെടുത്തും. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെട്ടാണ് ബയോ ഡീസല്‍ വിപണിയിലെത്തിക്കുക.