Mon. Dec 23rd, 2024
കാസര്‍കോട്:

എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർഗോഡ് കളക്ടേറ്റിന് മുന്നിൽ സംഘടിപ്പിച്ച മനുഷ്യ മതിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദയാബായി.എൻഡോസൾഫാൻ ദുരിത ബാധിതരുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രണ്ട് മാസത്തിലൊരിക്കൽ നടക്കേണ്ടതായ സെൽ യോഗം 11 മാസമായിട്ടും ചേർന്നിട്ടില്ല.

സെൽ യോഗം നടത്തുക, കാസർഗോഡ് ജില്ലാശുപത്രിയിലും ജനറൽ ഹോസ്പിറ്റലിലും ന്യൂറോളജിസ്റ്റിന്‍റെ സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മനുഷ്യമതില്‍ സംഘടിപ്പിച്ചത്.ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ എൻഡോസൾഫാൻ ദുരിത ബാധിതർക്കും ബാധകമാണെന്നും ജനാധിപത്യ സർക്കാറുകൾ അതേറ്റെടുത്ത് നടപ്പാക്കണമെന്നും ദയാബായി ആവശ്യപ്പെട്ടു. ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ മൗലികമായ അവകാശങ്ങൾ നിഷേധിക്കുന്നത് യാതൊരു കാരണത്താലും അംഗീകരിക്കാനാവില്ലായെന്നും അവർ കൂട്ടിച്ചേർത്തു.

2017-ലെ സുപ്രീംകോടതി വിധിയനുസരിച്ച് ലഭിക്കേണ്ട ആജീവനാന്ത ചികിത്സയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് അവർ പറഞ്ഞു.മൂന്ന് മാസത്തിലൊരിക്കല്‍ ചേര്‍ന്നിരുന്ന സെല്‍യോഗമാണ് കഴിഞ്ഞ പതിനൊന്ന് മാസമായിട്ടും നടക്കാത്തത്. സെല്‍യോഗം എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യം.

സെല്‍ യോഗങ്ങള്‍ ഇല്ലാതാകുന്നതോടെ രോഗബാധിതരുടെ തുടര്‍ ചികിത്സയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ കേള്‍ക്കുനുള്ള സംവിധാനമാണ് ഇല്ലാതാകുന്നത്. ഇത് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്നും സമരസമിതി ചൂണ്ടിക്കാട്ടി. രോഗബാധിതരുടെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്നും സമരസമിതി ആവശ്യപ്പെട്ടു. കോറോണക്കാലമായിട്ടും നൂറ് കണക്കിന് ദുരിതബാധിതരുടെ കുടുംബാംഗങ്ങൾ മനുഷ്യമതിലിൽ പങ്കെടുത്തു.