Mon. Dec 23rd, 2024
നെടുങ്കണ്ടം:

നെടുങ്കണ്ടത്തു മിനി വൈദ്യുതി ഭവൻ നിർമാണം ആരംഭിച്ചു. ഹൈറേഞ്ചിൽ കെഎസ്ഇബിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ ഓഫിസ് സമുച്ചയം. വൈദ്യുത മന്ത്രിയായിരുന്ന എം എം മണിയുടെ ഇടപെടലിലാണു കഴിഞ്ഞ സർക്കാരിന്റെ കാലത്തു മിനി വൈദ്യുത ഭവനു ഭരണാനുമതി നൽകിയത്.

എന്നാൽ കെഎസ്ഇബിയുടെ സ്ഥലത്തു നിന്നിരുന്ന ചന്ദനമരങ്ങൾ മുറിച്ചു നീക്കാനുള്ള അനുമതിക്കു കാലതാമസം നേരിട്ടതോടെ നിർമാണ പ്രവർത്തനം വൈകി. വനംവകുപ്പിന് അപേക്ഷ നൽകി വനംവകുപ്പിന്റെ നേതൃത്വത്തിൽ ചന്ദനമരം മുറിച്ചു നീക്കിയതോടെയാണു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

മേഖലയിലെ വൈദ്യുത ഓഫിസുകൾ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുത വകുപ്പ് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നത്. ആധുനിക സൗകര്യത്തോടെയുള്ള വൈദ്യുതി ഭവൻ നിർമാണത്തിനു 2.20 കോടി രൂപയാണ് നിർമാണച്ചെലവ്. 2625 സ്ക്വയർ ഫീറ്റിൽ 3 നിലകളിലായാണ് കെട്ടിട നിർമാണം.