എടപ്പാൾ:
കൊവിഡ് കാലത്ത് ഒട്ടോറിക്ഷയിൽ നിന്നുള്ള വരുമാനം മുട്ടി. പക്ഷേ, വർഷങ്ങളായി അന്നം തന്ന കാക്കി വേഷം ഉപേക്ഷിക്കാൻ മനസ്സും വരുന്നില്ല. ഒടുവിൽ കാക്കിയണിഞ്ഞ് തെരുവോരത്ത് കളിപ്പാട്ടങ്ങൾ വിൽക്കുകയാണ് പെരുമ്പറമ്പ് ലക്ഷം വീട് കോളനിക്ക് സമീപം താമസിക്കുന്ന ഷമീർ.
എടപ്പാൾ ടൗണിൽ വർഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഷമീർ, കൊവിഡ് പ്രതിസന്ധി വന്നതോടെയാണ് ബുദ്ധിമുട്ടിലായത്. ഓട്ടം നിലച്ചതോടെ വാഹനത്തിന്റെ അടവ് മുടങ്ങി. ഉപജീവനത്തിനുള്ള വക പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥ എത്തി.
എടപ്പാൾ – പൊന്നാനി റോഡിൽ ബിയ്യം ചെറിയ പാലത്തിന് സമീപം റോഡരികിൽ കളിക്കോപ്പുകളുടെ വിൽപന ആരംഭിച്ചത്. എല്ലാ ദിവസവും കാക്കി ഷർട്ടും ധരിച്ചാണ് ഇവിടെ എത്തുന്നത്. വലിയ വരുമാനം ഇതിലൂടെ ലഭിക്കുന്നില്ല എങ്കിലും ഉപജീവനത്തിന് ഉള്ളത് ലഭിക്കുന്നുണ്ടെന്ന് ഈ യുവാവ് പറയുന്നു. ഏതാനും ഷോർട് ഫിലിമുകളിലും മറ്റും അഭിനയിച്ച ഷമീർ ഒരു കലാകാരനും കൂടിയാണ്.