Mon. Dec 23rd, 2024
കാസർകോട്‌:

അറിയപ്പെടാത്ത ദൂരദേശങ്ങളെ ജനപഥങ്ങളിലേക്കെത്തിക്കാൻ നിരന്തരം പാലം പണിത ഒരു എൻജിനിയറുടെ കഥയാണിത്‌. കണ്ണൂർ, കാസർകോട്‌, ദക്ഷിണ കന്നഡ ജില്ലകളിലായി നൂറ്റമ്പതോളം തൂക്കുപാലം പണിത, കർണാടകക്കാർ ‘ബ്രിഡ്‌ജ്‌ മാൻ’ എന്നുവിളിക്കുന്ന പത്മശ്രീ ഗിരീഷ്‌ ഭരദ്വാജ്‌ മലയാളിയാണെന്ന്‌ എത്രപേർക്കറിയാം. മുള്ളേരിയ ബെള്ളിഗേക്കാരനാണ്‌ അദ്ദേഹം.

കണ്ണൂർ പരിയാരത്തിടുത്ത്‌ രണ്ടും കാസർകോട്‌ പയസ്വിനിപ്പുഴ അതിരിടുന്ന ദേശങ്ങളിൽ മുപ്പതിലധികവും തൂക്കുപാലം അദ്ദേഹം പണിതു. മഴക്കാലത്ത്‌ ഒറ്റപ്പെടുന്ന ദേലമ്പാടി പഞ്ചായത്തിലെ വിദൂരദേശങ്ങൾക്ക്‌ കരപിടിക്കാൻ ആ തൂക്കുപാലങ്ങൾ ഇപ്പോഴും തിളങ്ങി നിൽക്കുന്നു. ദേലമ്പാടി പാണ്ടി ബേളന്തടുക്കയിലെ പാലത്തിൽ ബൈക്കിനും പോകാം.

പയസ്വിനിപ്പുഴയിൽമാത്രം ഒമ്പത്‌ പാലമാണ്‌ പണിതത്‌. ഒരുകാലത്ത്‌ ഒറ്റപ്പെട്ട ഈ ദേശങ്ങളിൽ സമൃദ്ധമായി ജീവിതം അങ്ങോട്ടും ഇങ്ങോട്ടും ഒഴുകുന്നു.വലിയ പാലങ്ങളുടെ പത്തിലൊന്ന്‌ ചെലവിൽ തൂക്കുപാലം പണിയാം. നിർമാണത്തിൽ 30 ശതമാനം കൂലിച്ചെലവാണ്‌. അത്‌ ലാഭിക്കാൻ ജനകീയ ശ്രമദാനം പ്രോത്സാഹിപ്പിച്ചാണ്‌ നിർമാണം.

കരതൊടാൻ മോഹിക്കുന്ന ജനങ്ങൾ കൂലിവാങ്ങാതെ രാവും പകലും ഒപ്പംനിന്ന്‌ പണിത നിരവധി അനുഭവമുണ്ട്‌ ഗിരീഷ്‌ ഭരദ്വാജിന്‌. കേരളത്തിൽ 26 പാലവും അദ്ദേഹം അങ്ങനെയാണ്‌ പണിതത്‌. ജനകീയാസൂത്രണം സജീവമായ കേരളത്തിൽ ഇത്തരം കൂട്ടായ്‌മ മറ്റു സംസ്ഥാനങ്ങളേക്കാൾ എളുപ്പമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

തൂക്കുകമ്പികൾ മാറ്റിയാൽ 100 വർഷംവരെ അദ്ദേഹം പാലത്തിന്‌ ഗ്യാരണ്ടി തരും.കുട്ടിക്കാലം മുള്ളേരിയയിലായിരുന്നു. പിന്നീട്‌ കുടുംബം സുള്ള്യയിലേക്ക്‌ ചേക്കേറി.

മാണ്ഡ്യയിൽനിന്ന്‌ മെക്കാനിക്‌ എൻജിനീയറിങ്‌ കഴിഞ്ഞ്‌ സുള്ള്യയിൽ 1975ൽ വണ്ടിപ്പണി തുടങ്ങി. ഇതിനിടെ കുടകിലെ വനംവകുപ്പിന്റെ അഭ്യർഥനയിൽ ആദ്യ തൂക്കുപാലം നിർമിച്ചു. 2017ൽ പത്മശ്രീ ലഭിച്ചു. അതോടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ വിളിവന്നു.

കർണാടകയിൽ 95, തെലങ്കാനയിൽ അഞ്ച്‌, ഒഡിഷയിൽ മൂന്ന്‌ പാലം പണിതു.എഴുപത്‌ വയസായി ഗിരീഷ്‌ ഭരദ്വാജിന്‌. പുതിയ സ്ഥലങ്ങളിൽ പാലം പണിയാൻ ഇപ്പോഴും വിളിവരുന്നുണ്ട്‌.

ദൗത്യം മകനെ ഏൽപ്പിച്ച്‌ സുള്ള്യ അരിമ്പൂരിൽ വിശ്രമജീവിതത്തിലാണിപ്പോൾ. കാറഡുക്കയിലെ ചന്ദ്രഗിരി ഇക്കോ ടൂറിസം സൊസൈറ്റി എരിഞ്ഞിപ്പുഴയ്‌ക്കടുത്ത്‌ നിർമിക്കുന്ന ടൂറിസം വില്ലേജിന്‌ തൂക്കുപാലം പണിയാനും ബ്രിഡ്‌ജ്‌മാനെ സമീപിച്ചിട്ടുണ്ട്‌.