Fri. Nov 22nd, 2024
കണ്ണൂ‍ര്‍:

വിവാദമായ കണ്ണൂർ സർവ്വകലാശാല പിജി സിലബസിൽ മാറ്റം വേണമെന്ന റിപ്പോർട്ട് നടപ്പാക്കാൻ നടപടി തുടങ്ങി. അക്കാദമിക് കൗൺസിലും പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസും നിർദ്ദേശങ്ങൾ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. തീവ്ര വർഗ്ഗീയ പാഠ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കാനും, ഉൾപെടുത്താതെ പോയ വിഷയങ്ങൾ സിലബസിൽ കൂട്ടിച്ചേർക്കാനുമാണ് സമിതി നിർദ്ദേശം.

കണ്ണൂർ സർവ്വകലാശാലയിൽ പുതുതായി തുടങ്ങിയ പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് ആർഎസ്എസ് സൈദ്ധാന്തികനായ എംഎസ് ഗോൾവാൾക്കർ എഴുതിയ ബഞ്ച് ഓഫ് തോട്ട്സ് ഉൾപെടെയുള്ള പുസ്തകങ്ങൾ ചേർത്തത്. ഇതടക്കം തീവ്ര വർഗ്ഗീയ പരാമർശങ്ങളുള്ള വിഡി സവർക്കർ, ബൽരാജ് മധോക്ക്, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധമുയർന്നതോടെയാണ് സിലബസിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്.

കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ പൊളിറ്റിക്കൽ സയൻസ് മേധാവിമാരായിരുന്ന യു പവിത്രൻ,ജെ പ്രഭാഷ് എന്നിവർ സമർപ്പിച്ച റിപ്പോർട്ടിൽ സിലബസിൽ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സർവ്വകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങൾ അതുപോലെ ചേർക്കുന്നത് ശരിയല്ല, ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം മറ്റ് ചിന്താധാരകൾക്ക് പ്രാമുഖ്യം ലഭിച്ചില്ല, ഇതടക്കം സിലബസിൽ ആകെ മാറ്റം കൊണ്ടുവരമെന്നും സമിതി നിർദ്ദേശിക്കുന്നു. സമിതി റിപ്പോർട്ട് യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലും പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസും ചർച്ച ചെയ്ത ശേഷം നിർദ്ദേശങ്ങൾ നടപ്പാക്കണോ എന്ന് തീരുമാനിക്കും.