Mon. Dec 23rd, 2024
നീലേശ്വരം:

അനന്തംപള്ളയിലെ നെൽകൃഷിക്കാർക്ക് ഈ വർഷം കൊയ്തെടുക്കാൻ നെൽക്കതിരില്ല. വിത്തിട്ട നെൽപാടത്ത് മുളച്ചത്‌ കളകൾ മാത്രം. കാഞ്ഞങ്ങാട് അനന്തംപള്ളയിലെ അമ്പത് ഏക്കറിലധികം നെൽവയലുകളാണ് തരിശ് പോലെയായത്.

കളകൾ പറിച്ചു കളഞ്ഞാൽ നെൽപ്പാടം ശൂന്യമാകും. മെയ് മാസം വയലിൽ വിത്തിട്ടു സപ്തംബറിൽ കൊയ്തെടുക്കുകയാണ് പതിവ്. രണ്ടുവർഷമായി മുളക്കുന്നത് നെല്ലിന്‌ പകരം കളച്ചെടികളാണ്.

പശുക്കൾക്ക് തീറ്റ കൊടുക്കുവാൻ പോലും സാധിക്കുന്നില്ലെന്ന് അനന്തം പള്ളയിലെ കർഷകൻ ഒ കൃഷ്ണൻ പറഞ്ഞു. ഈ വർഷം വിളവ് ലഭിക്കാത്തതിനാൽ അടുത്ത വർഷവും വൻവില നൽകി നെൽവിത്ത്‌ വാങ്ങേണ്ടി വരും. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടാവുന്നത്‌. വയലിലെ മണ്ണ് പരിശോധിച്ച് ശാശ്വത പരിഹാരം കാണണമെന്ന്‌ കൃഷിക്കാർ ആവശ്യപ്പെടുന്നു.