Sat. Nov 23rd, 2024
പുൽപള്ളി:

ആവശ്യമായ പഠനോപകരണങ്ങൾ ഇല്ലാത്തതും മൊബൈൽ നെറ്റ്‌വർക് ലഭ്യമല്ലാത്തതും പലയിടത്തും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തിലാക്കുന്നു. വനപ്രദേശങ്ങളിലെ ഗോത്രസങ്കേതങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം പേരിനു മാത്രമാണ്. നല്ലൊരു ശതമാനവും ക്ലാസുകളില്‍ കയറുന്നില്ല.

സ്കൂള്‍ അധികൃതരും പൊതുപ്രവര്‍ത്തകരും കുട്ടികളെ സഹായിക്കാന്‍ പരമാവധി പഠനോപകരണങ്ങള്‍ സംഘടിപ്പിച്ചു വിതരണം ചെയ്തിരുന്നു. പലരുടെയും ഫോണുകള്‍ വെള്ളത്തില്‍ വീണും മറ്റും നശിച്ചു. ഫോണുകള്‍ റീചാര്‍ജ് ചെയ്യാന്‍ പണമില്ലാത്തവരുമുണ്ട്.

മൊബൈല്‍ നെറ്റ്‌വര്‍ക് ഇല്ലാതാവുന്നതും മുഖ്യപ്രശ്നമാണ്. വനമധ്യത്തിലെ ചേകാടി ഗ്രാമത്തില്‍ കുട്ടികളില്‍ പലരും പാടത്തും പുഴയോരങ്ങളിലുമാണ്. പാടവരമ്പിലെ ഏറുമാടങ്ങളിലും വനാതിര്‍ത്തിയിലെ കളിസ്ഥലങ്ങളിലും അവര്‍ സമയം ചെലവഴിക്കുന്നു.

ചേകാടി സ്കൂളിലെ 4 ക്ലാസുകളിലും കുട്ടികളെ കാണാറില്ല.വനമേഖലയിലെ വെട്ടത്തൂര്‍, പാക്കം, ദാസനക്കര, ചീയമ്പം, ഇരുളം പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ സ്ഥിതിയും വിഭിന്നമല്ല. റേഞ്ച് ഇല്ലാത്ത പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ മൊബൈല്‍ സേവനദാതാക്കള്‍ ശ്രമിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

നേരാംവണ്ണം ഫോണ്‍ വിളിക്കാന്‍ കഴിയാത്ത അവസ്ഥ. ഒരാളെ വിളിക്കുമ്പോള്‍ മൂന്നുനാലു തവണ സംഭാഷണം മുറിയുന്നു. ആഴ്ചകളായുള്ള ഈ പ്രശ്നം പരിഹരിക്കാനും ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. മുന്‍കൂട്ടി പണം വാങ്ങി സേവനം നല്‍കുന്ന കമ്പനികള്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയും നിരാശരാക്കുകയും ചെയ്യുന്നു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും പ്രയാസത്തിലാണ്. ജോലി തടസ്സപ്പെടുന്നതിന്റെ പേരില്‍ സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ മേലധികാരികളില്‍ നിന്നു ശകാരവും മാനസിക പീഡനങ്ങളുമേല്‍ക്കേണ്ടിവരുന്നുവെന്ന പരാതിയുമുണ്ട്. അയല്‍ സംസ്ഥാനങ്ങളിലേക്കു പ്രവേശനമില്ലാതെ ഒട്ടേറെ കമ്പനി ഉദ്യോഗസ്ഥര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നു. നെറ്റ്‌വർക് സംവിധാനങ്ങളുടെ പോരായ്മകള്‍ ഇക്കൂട്ടരെയും വലയ്ക്കുന്നു.