Mon. Dec 23rd, 2024
നീലേശ്വരം:

തേങ്ങ പൊതിക്കുന്ന പുതിയയന്ത്രം നിർമിച്ച് ചിറ്റാരിക്കാല്‍ മുനയംകുന്നിലെ കാഞ്ഞമല അഭിലാഷിൻറെ വേറിട്ട പരീക്ഷണം. യന്ത്രം ഉപയോഗിച്ചു മണിക്കൂറിൽ 1200 തേങ്ങ വരെ പൊതിക്കാം.തേങ്ങ പൊതിക്കാൻ തൊഴിലാളികളെ ലഭിക്കാതെ ബുദ്ധിമുട്ടുന്ന കേരകർഷകർക്ക് സഹായമെന്ന നിലയിലാണ് അഭിലാഷ് ഇതു വികസിപ്പിച്ചത്.

തേങ്ങ പൊതിക്കാൻ ഒരു തൊഴിലാളിയെ നിയോഗിച്ചാൽ ദിവസം 1500 മുതൽ 2000 തേങ്ങ വരെ മാത്രമേ പൊതിക്കാൻ സാധിക്കൂ. എന്നാൽ, താൻ നിർമിച്ച യന്ത്രം ഉപയോഗിച്ചു ദിവസം 10000ത്തിലേറെ തേങ്ങ പൊതിക്കാമെന്നാണ് അഭിലാഷ് പറയുന്നത്. മൂന്നര വർഷത്തെ കഠിനപ്രയത്നത്തിനൊടുവിലാണ്​ യന്ത്രം നിർമിക്കാൻ സാധിച്ചതെന്നു അഭിലാഷ് പറഞ്ഞു.

7 എച്ച്പി ഡീസൽ എൻജിൻ ഉപയോഗിച്ചാണു യന്ത്രം പ്രവർത്തിക്കുന്നത്. ഒരു ലിറ്റർ ഡീസൽകൊണ്ടു യന്ത്രം നാല്​ മണിക്കൂർ പ്രവർത്തിപ്പിക്കാം. ഒരു തേങ്ങ പൊതിക്കാൻ ഒരു രൂപയാണു കർഷകരിൽനിന്ന് ഈടാക്കുന്നത്.

യന്ത്രം തോട്ടത്തിൽ കൊണ്ടുവന്നു പൊതിച്ചുനൽകും. യന്ത്രം വാഹനത്തിൽ കയറ്റാനും ഇറക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആളുകളുടെ സഹായമില്ലാതെയാണു അഭിലാഷ് യന്ത്രം വാഹനത്തിൽ കയറ്റുന്നതും ഇറക്കുന്നതും.

തേങ്ങ പൊതിക്കാൻ ഒട്ടേറെ കർഷകരാണു ഇപ്പോൾ അഭിലാഷിനെ തേടിയെത്തുന്നത്. കണ്ണൂർ-കാസർകോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിനു തേങ്ങ ഇതിനകം യന്ത്രമുപയോഗിച്ചു പൊതിച്ചതായി അഭിലാഷ് പറഞ്ഞു.