Sat. Jan 11th, 2025
ഫറോക്ക്:

ഒരു മരമേശയും രണ്ടു ബെഞ്ചും പലവഴി ശേഖരിച്ച കുറച്ചു പുസ്തകങ്ങളുമായി ഫറോക്ക് നല്ലൂർ അമ്പലങ്ങാടിയിലെ വാളക്കട ചാത്തുണ്ണി വൈദ്യരുടെ നിലം പതിക്കാറായ പഴയ കെട്ടിടത്തിന്റെ മച്ചിൻ പുറത്ത് 1952 ഏപ്രിൽ 29ന് ആരംഭിച്ചതാണ് ഫറോക്ക് യങ്‌ മെൻസ് ലൈബ്രറി ആൻഡ്‌ റീഡിങ് റൂം. ഏഴു പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ പുസ്തകപ്പുര നാടാകെ വ്യാപിച്ച് വിജ്ഞാനത്തിന്റെ വിളക്കുമാടമായി വളർന്നിരിക്കുന്നു.
1959ൽ രണ്ടു വനിതകളുൾപ്പെടെ 74 അംഗങ്ങളും 960 രൂപ 62 പൈസ വിലമതിക്കുന്ന പുസ്തകങ്ങളുമായിരുന്നു മുതൽക്കൂട്ട്.

നിലവിൽ ഇവിടെ 11 ലക്ഷത്തോളം രൂപ വിലയുള്ള 21000 ത്തിലേറെ പുസ്തകങ്ങളുണ്ട്‌. എഫ് ഗ്രേഡിൽനിന്ന്‌ തുടങ്ങി എപ്ലസ് ഗ്രേഡിൽ എത്തിയിരിക്കുന്നു. സമ്പൂർണ ഡിജിറ്റൽ സൗകര്യമുള്ള ലൈബ്രറിയിൽ നിലവിൽ 1400 അംഗങ്ങളുണ്ട്‌.

22 സെന്റ് കണ്ണായ സ്ഥലത്ത് രണ്ടു വലിയ ഇരുനില കെട്ടിടങ്ങൾ, തുറന്ന വേദി, വിശാലമായ ഓഡിറ്റോറിയം, പുതിയ ഓപ്പൺ ഓഡിറ്റോറിയം, ചിൽഡ്രൻസ് തിയറ്റർ എന്നിവ ഒരുങ്ങുന്നു.സംസ്ഥാനത്തെ മികച്ച ബാലകൈരളി ബാലവേദി പ്രവർത്തനത്തിനുള്ള ബഹുമതി, 2013ൽ സംസ്ഥാനത്തെ മികച്ച ഗ്രന്ഥാലയത്തിനുള്ള ഇ എം എസ് പുരസ്കാരം എന്നിവ ലഭിച്ചു. സാംസ്കാരിക രംഗത്തെ നിരന്തരമുള്ള ഇടപെടലുകൾക്കുള്ള അംഗീകാരമായി ജില്ലയിലെ ആദ്യ ഗ്രാമീണ സേവന കേന്ദ്രം എന്ന അംഗീകാരവും നേടി. ടി ബാലകൃഷ്ണൻ നായർ പ്രസിഡന്റും പി ശശിധരൻ സെക്രട്ടറിയുമായ ഭരണ സമിതിയാണ്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.