Wed. Nov 6th, 2024
തൃക്കരിപ്പൂർ:

വലിയപറമ്പ് ദ്വീപിൽ വിനോദ സഞ്ചാര വികസനം നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാങ്കേതിക മേഖലയിലെ വിദ്യാർത്ഥികളുടെ സംഘം മുഴുവൻ വാർഡുകളിലും സന്ദർശനം നടത്തി. പഞ്ചായത്തിന്റെ ക്ഷണം സ്വീകരിച്ചു കോഴിക്കോട് നിന്നെത്തിയ വിദ്യാർത്ഥികളുടെ സംഘം ഒരാഴ്ചയായി പഠനം തുടരുന്നുണ്ട്. ദ്വീപിന്റെ വടക്ക് മാവിലാക്കടപ്പുറം ഒരിയര പുലിമുട്ട് മുതൽ തെക്ക് ഭാഗമായ ഏഴിമലയുടെ താഴ്‌വാരം വരെയുള്ള മേഖലയിലാണ് വിദ്യാർത്ഥി സംഘത്തിന്റെ ടൂറിസം പഠനം.

നിലവിലുള്ള സൗകര്യങ്ങൾ പ്രകൃതിയെ ഹനിക്കാതെ എങ്ങിനെയൊക്കെ പ്രയോജനപ്പെടുത്താമെന്നു ഉൾപ്പെടെയുള്ള പഠനമാണ് സംഘം നടത്തുന്നത്.പഞ്ചായത്തിലെ 13 വാർഡുകളിലെയും ജനങ്ങളുമായി ഇവർ ആശയം പങ്കിട്ടു. പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തിൽ പഠന റിപ്പോർട്ട് സമർപ്പിക്കും.

ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ, സ്ഥിരം സമിതി അധ്യക്ഷൻ ഖാദർ പാണ്ട്യാല തുടങ്ങിയവരുമായി വികസന ആശയം പങ്കിട്ടു. അടുത്ത നാലര വർഷത്തേക്കുള്ള വികസന സാധ്യതകളും ഒപ്പം കാഴ്ചപ്പാടും പഠന വിധേയമാക്കി തദ്ദേശിയമായി ടൂറിസം സാധ്യതകളെ പരിപോഷിപ്പിക്കാനും നാടിനു ദോഷം ചെയ്യാത്ത ടൂറിസം പദ്ധതികളാണ് ഭരണസമിതി ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് സജീവൻ വിശദീകരിച്ചു. തീരദേശവാസികൾക്ക് തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്ന പദ്ധതികളാണ് നടപ്പാക്കുക.