Wed. Jan 22nd, 2025

പഴയങ്ങാടി:

സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതും കടലും പുഴയും സംഗമിക്കുന്ന സ്ഥലത്തെ പുതിയങ്ങാടി ചൂട്ടാടിലെ ഫാൽക്കൺ ഫൺ പാർക്ക് നാശത്തിന്റെ വക്കിൽ. ജില്ലാ ടൂറിസം പ്രമോഷന്റെ കീഴിലാണ് ഫാൽക്കൺ പാർക്ക് പ്രവർത്തിച്ച് വന്നത്. കുട്ടികളുടെ പാർക്ക്, ലഘു ഭക്ഷണ ശാല, ഫുട് ബോൾ ഗ്രൗണ്ട്,വാഹന പാർക്കിങ് ,ശുചിമുറിസൗകര്യം ഉൾപ്പെടെ ഇവിടെ ഒരുക്കിയിരുന്നു.

കൂടാതെ സമീപത്തെ ചൂട്ടാട് പാർക്കിലേക്ക് ഇവിടെ നിന്ന് പാലം നിർമിക്കാനുളള പദ്ധതിയും ആവിഷ്കരിച്ചിരുന്നു. രണ്ട് വർഷം മുൻപ് കടലേറ്റത്തിൽ പാർക്കിലേക്ക് വെളളം കയറിയതോടെയാണ് പാർക്കിൽ നാശനഷ്ടങ്ങൾ ഉണ്ടായത്. പിന്നീട് ഇതിന്റെ നടത്തിപ്പുകർ പാർക്ക് ഉപേക്ഷിക്കുകയായിരുന്നു.

നാശനഷ്ടം സംഭവിച്ച പാർക്ക് ഡിടിപിസി അധികൃതർ നന്നാക്കിയതുമില്ല. കുട്ടികളുടെ പാർക്കിലെ ലക്ഷണക്കിന് രൂപയുടെ അനുബന്ധ സംവിധാനങ്ങൾക്ക് കേട് പാട് സംഭവിക്കുകയും ചിലസാധനങ്ങൾ മോഷണം പോവുകയും ചെയ്തു.ഇപ്പോൾ ആകെ ഉളളത് ഷീറ്റ് മേഞ്ഞ ഷെഡും പുഴക്കരയിലെ ഏതാനും ഇരിപ്പിടങ്ങളും മാത്രം.

ഇവിടുത്തെ വൈദ്യുത കണക്ഷ്‍ൻ വരെ വിഛേദിച്ചിട്ടില്ലാത്തതിനാൽ സാമൂഹികവിരുദ്ധർ ഇത് ദുരുപയോഗം ചെയ്യാൻ സാധ്യത ഏറെയാണ്. ഗവൺമെന്റ് ടൂറിസം പദ്ധതികൾക്ക് പ്രോത്സാഹനം ഏറെ നൽകി വരുമ്പോഴും ഇത്തരത്തിലുളള പാർക്കുകൾ കാട് കയറി നശിക്കുന്നത് അധികൃതർ കാണുന്നില്ലെ എന്നാണ് നാട്ടുകാർ പറയുന്നത്.