Sun. Dec 22nd, 2024
കാഞ്ഞങ്ങാട്:

സൂപ്പർ സ്പെഷ്യൽറ്റി സൗകര്യമുള്ള വികസനമാണ് ജില്ലാ ആശുപത്രിക്കായി ലക്ഷ്യമിടുന്നതെന്ന് ജില്ലയിൽ എത്തുമ്പോൾ മന്ത്രിമാർ പറയും. എന്നാൽ തുടങ്ങിയ പദ്ധതികൾ പോലും സമയത്തിന് തീർക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് അധികൃതർ. കാത്ത് ലാബ്, ലക്ഷ്യ പദ്ധതിയിൽ പെടുത്തി നിർമിക്കുന്ന ലേബർ വാർഡ്, മലിനജല സംസ്കരണ പ്ലാന്റ്, പണി പൂർത്തിയായി ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന 5 നില കെട്ടിടം എന്നിവ ഇതിന് തെളിവാണ്.

6 മാസം മുൻപ് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ഉദ്ഘാടനം ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉദ്ഘാടനത്തോടൊപ്പം കാത്ത് ലാബ് അന്നത്തെ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു. എന്നാൽ ഇവിടെ നിന്നു ചികിത്സ കിട്ടാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.

പണി പകുതി പോലും ആകാതെ ആണ് കാത്ത് ലാബ് തിരക്കിട്ട് ഉദ്ഘാടനം ചെയ്തത്. കാത്ത് ലാബിന്റെ പ്രധാന ഘടകമായ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ പണി ഇപ്പോഴും നടക്കുകയാണ്.മുഴുവൻ പണിയും തീർന്നാലും ലാബ് തുറക്കാൻ പിന്നെയും കടമ്പകൾ ഏറെയുണ്ട്.

ഹൃദ്രോഗ വിദഗ്ധന്റെ നിയമനം അടക്കം ഒട്ടേറെ നിയമനങ്ങൾ ഇതിനായി വേണം. 2016 ലാണ് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് അനുവദിച്ചത്. എന്നാൽ കെട്ടിട സൗകര്യമില്ലാത്തതിനാൽ പണി തുടങ്ങിയില്ല.

ഒടുവിൽ 2019ൽ ആശുപത്രിയിലെ ഫാർമസി, ലാബ്, ഗൈനക്കോളജി ഒപി, കുട്ടികളുടെ ഒപി എന്നിവ മാറ്റി ഈ സ്ഥലത്ത് കാത്ത് ലാബിന്റെ പണി തുടങ്ങുകയായിരുന്നു.അത്യാധുനിക ലേബർ വാർഡിന്റെ നിർമാണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. കൊവിഡ് കാലത്ത് ഏറെ നിർത്തിയിട്ട പണി ഇപ്പോഴാണ് പുനരാരംഭിച്ചത്.

ലേബർ വാർഡിന്റെ പണി ഏതാണ്ട് പൂർത്തിയായി. ഓപ്പറേഷൻ തിയറ്ററിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ സ്റ്റാൻഡേഡ് പ്രകാരമാണ് ലേബർ വാർഡ് തയാറാക്കുന്നത്. എൻഎച്ച്എം വഴി 1.79 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്.

മുൻപ് ലേബർ വാർഡിൽ ഓപ്പറേഷൻ‍ തിയറ്റർ ഉണ്ടായിരുന്നില്ല. ‍ലേബർ വാർഡിന്റെ പ്രവർത്തനം നേത്രരോഗ വിഭാഗത്തിലേക്ക് മാറ്റിയതോടെ ഇപ്പോൾ നേത്ര ശസ്ത്രക്രിയകൾ ജില്ലാ ആശുപത്രിയിൽ നിർത്തി വച്ചിരിക്കുകയാണ്.
ജില്ലാ ആശുപത്രിക്കായി എൻഡോസൾഫാൻ പാക്കേജിൽ നിർമിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തില്ല.

വൈദ്യുതീകരണം, ലിഫ്റ്റിന്റെ പണി എന്നിവ പൂര്‍ത്തിയാകാത്തത് ആണ് ഉദ്ഘാടനം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ രണ്ടു ജോലികളും നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. എൻഡോസൾഫാൻ പാക്കേജിൽ പെടുത്തി കെട്ടിട നിർമാണത്തിനായി 5 കോടിയാണ് നബാർഡ് അനുവദിച്ചത്.

ആധുനിക സൗകര്യങ്ങളോടു കൂടി 5 നില കെട്ടിടമാണ് നിർമിച്ചത്. 2 വർഷം മുൻപ് കെട്ടിടം പണി പൂർത്തിയാക്കി കരാറുകാരൻ താക്കോൽ കൈമാറി. എന്നാൽ പണി തീർത്ത് ഉദ്ഘാടനം നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലാ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പണിയും പാതിയില്‍ ആണ്