ഭീമനടി:
ജില്ലയിലെ ഏക സർക്കാർ വനിതാ ഐടിഐക്ക് ഇനിയും സ്വന്തം കെട്ടിടമായില്ല. 2012 ൽ ഭീമനടിയിൽ അനുവദിച്ച ഐടിഐ ഇന്നും പഞ്ചായത്തിന്റെ മാർക്കറ്റ് യാർഡിൽ ദുരിതം പേറുകയാണ്. സ്ഥാപനത്തിനായി 4.5 ഏക്കർ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും വനിതകളുടെ ശാക്തീകരണത്തിനായി ആരംഭിച്ച ഈ സ്ഥാപനത്തെ രക്ഷിക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കുന്നില്ല.
കെ കുഞ്ഞിരാമൻ തൃക്കരിപ്പൂർ എംഎൽഎ ആയിരുന്ന കാലത്താണ് തൊഴിൽ വകുപ്പിന്റെ കീഴിൽ വനിതകൾക്കായി തൊഴിലധിഷ്ഠിത കോഴ്സുകളുള്ള വനിതാ ഐടിഐ അനുവദിക്കുന്നത്. താൽക്കാലിക കെട്ടിട സൗകര്യം ഒരുക്കാമെന്നും ഒരു വർഷത്തിനകം ഐടിഐയ്ക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി നൽകാമെന്നും ഉള്ള പഞ്ചായത്തിന്റെ ഉറപ്പിലായിരുന്നു ഇത്. ഇതിനിടെ സ്ഥാപനത്തിന്റെ അംഗീകാരം പോകും എന്ന സ്ഥിതി വന്നപ്പോൾ എം രാജഗോപാലൻ എംഎൽഎ ഇടപെട്ട് സാവകാശം നേടി.
പിന്നീട് വന്ന എൽഡിഎഫ് ഭരണസമിതി താലോലപൊയിലിൽ 4.5 ഏക്കർ സ്ഥലം ഏറ്റെടുത്തു. ഇപ്പോൾ വീണ്ടും സ്ഥാപന വികസനം മന്ദഗതിയിലായി.