Fri. Apr 26th, 2024
കൊല്ലം:

മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ് സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയത്. വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയിലായിരുന്ന എസ്ഐ യുവതിയെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞെന്നും ലൈസന്‍സ് തട്ടിപ്പറിച്ചെന്നുമാണ് പരാതി.

യുവതിയുടെ പരാതിയില്‍ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയിലില്ലാതിരുന്ന സമയത്താണ് എസ് ഐ വാഹനപരിശോധനയെന്ന പേരില്‍ യുവതിയെ തടഞ്ഞ് നിര്‍ത്തി അപമാനിച്ചത്. ഈ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.