Fri. Nov 22nd, 2024
താലിബാൻ തകർത്തെറിഞ്ഞ ഇന്ത്യയിലെ ഡ്രൈ ഫ്രൂട്സ് വിപണി

 

കൊച്ചി: അഫ്‌ഘാനിസ്താൻ താലിബാൻ നിയന്ത്രണത്തിലായതോടെ തീവ്രവാദവും രാജ്യ സുരക്ഷയും മാത്രമല്ല അയൽരാജ്യമെന്ന നിലയിൽ ഇന്ത്യയെ അലട്ടുന്നത്. അഫ്‌ഘാനും ഇന്ത്യയും തമ്മിൽ വളരെ ദീർഘകാലമായ ഒരു വാണിജ്യ ബന്ധം നിലനിൽക്കുന്നുണ്ട്. ഭരണ സംവിധാനം അപ്പാടെ തകരുകയും അഫ്‌ഘാന്റെ എല്ലാ മേഖലകളും അനിശ്ചിതത്വത്തിൽ ആവുകയും ചെയ്തപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിന്റെ ഭാവി എന്ത് എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. 

2011-ൽ, ദക്ഷിണേഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ ഓപ്പറേഷനിൽ എല്ലാ ലീസ്റ്റ് ഡെവലപ്ഡ് രാജ്യങ്ങളുടെയും (എൽഡിസി) അടിസ്ഥാന കസ്റ്റംസ് തീരുവകൾ ഇന്ത്യ നീക്കം ചെയ്യുകയുണ്ടായി. ഒരു എൽ‌ഡി‌സി എന്ന നിലയിൽ, അഫ്‌ഘാനിസ്താൻ സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് അസോസിയേഷനിൽ  (SAFTA)  ഒപ്പുവച്ചിട്ടുണ്ട്. 2003 ൽ ഇരു രാജ്യങ്ങളും ഒരു മുൻഗണന വ്യാപാര കരാറിൽ ഒപ്പുവക്കുകയും, അഫ്ഘാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഡ്രൈ ഫ്രൂട്സ് വിഭാഗങ്ങൾക്ക് ഇന്ത്യ ഗണ്യമായ തീരുവ ഇളവുകൾ അനുവദിക്കുകയും ഇന്ത്യയിൽനിന്നുള്ള തേയില, പഞ്ചസാര, സിമന്റ്, ഫാർമസ്യൂട്ടിക്കൽസ് എന്നീ ഉത്പന്നങ്ങൾക്ക് അഫ്‌ഘാനിസ്താൻ ഇളവുകൾ അനുവദിക്കുകയും ചെയ്തു.

എന്നാൽ ഓഗസ്റ്റ് 15-നു താലിബാൻ അഫ്‌ഘാൻ കയ്യടക്കിയതിനുശേഷം 18-ഓടെ  പാകിസ്ഥാനിലൂടെ ഇന്ത്യയിലേക്കുള്ള ചരക്കുഗതാഗതം ബുദ്ധിമുട്ടിലായി. ദിവസേന ഏകദേശം 30 മുതൽ 35 ട്രക്കുകളിൽ ചരക്കുനീക്കം നടന്നിരുന്നത് മുഴുവനായും നിലച്ചു. പ്രധാനമായും ചരക്കുകൾ പുറത്തേക്ക് കടത്താനുള്ള പെർമിറ്റ് ലഭ്യമല്ലാതായതിനാലാണ് ഇത് സംഭവിച്ചത്.

എറണാകുളം ബ്രോഡ്‍വേയിലെ പാംട്രീ ഡ്രൈ ഫ്രൂട്സ് സ്ഥാപനം (c) Woke Malayalam
എറണാകുളം ബ്രോഡ്‍വേയിലെ പാംട്രീ ഡ്രൈ ഫ്രൂട്സ് Palmtree Dry fruits, Broadway, Ernakulam (c) Woke Malayalam

എറണാകുളത്തെ പ്രമുഖ ഡ്രൈ ഫ്രൂട്സ് മൊത്തവ്യാപാര ഡീലറായ കെ സി (KAYCEE) കോർപറേഷൻ എംഡി ജോയ് അഞ്ചേരി അഫ്ഘാനിൽ നിന്നുള്ള ചരക്ക് നീക്കത്തിനുണ്ടായ ബുദ്ധിമുട്ടുകളെപ്പറ്റി പറയുന്നു, “അഫ്ഘാനിൽ നിന്ന് നിലവിൽ ചരക്കുകൾ ഇന്ത്യയിലേക്ക് വരുന്നില്ല. അതിർത്തി കടക്കാനുള്ള അനുവാദം നൽകാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ടാണ് ചരക്ക് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 15 നു ശേഷം സ്റ്റോക്ക് ലഭിയ്ക്കാൻ ബുദ്ധിമുട്ടുവന്നിട്ടുണ്ട്. അത് ഇപ്പോഴും അങ്ങനെ തന്നെ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. അടുത്ത ആഴ്ചയോടുകൂടി കാര്യങ്ങൾ ശരിയാവുമെന്നു പറയുന്നുണ്ട്. പക്ഷെ ഒരു ഗവണ്മെന്റ് അധികാരത്തിൽ ഇല്ലാതെ എങ്ങനെ അത് നടത്തിയെടുക്കും എന്നതിനെപ്പറ്റി വ്യക്തത ഇല്ല.” 

തെക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതികളിൽ കൊറോണ കാലത്തിനു മുൻപ് 2018-2019 കാലയളവിൽ ഏറ്റവും ഉയർന്ന വളർച്ചയായ 42 ശതമാനമാണ് അഫ്‌ഘാനിസ്താനിൽ ഇന്ത്യ നേടിയത്. പ്രധാനമായും ഇന്ത്യ അഫ്‌ഘാനിസ്താനിൽ നിന്ന് ചില ഇനം ഡ്രൈ ഫ്രൂട്സുകളാണ് ഇറക്കുമതി ചെയ്യുന്നത്. അഫ്ഘാനിൽ നിന്ന് കയറ്റുമതിചെയ്യുന്ന ഡ്രൈ ഫ്രൂട്സുകളിൽ ഭൂരിഭാഗവും ഇന്ത്യയിലേക്കാണ് എത്തുന്നത്. അഫ്‌ഘാൻ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ  പ്രകാരം അഫ്‌ഘാനിൽനിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉണക്ക മുന്തിരിയുടെയും, ആപ്രിക്കോട്ടിന്റെയും, ഫിഗ്ഗിന്റെയും 80 മുതൽ 100 ശതമാനത്തോളവും ഇന്ത്യയിലേക്കാണ്. 

എറണാകുളം ബ്രോഡ്‍വേയിലെ പാംട്രീ ഡ്രൈ ഫ്രൂട്സ് സ്ഥാപനം (c) Woke Malayalam
എറണാകുളം ബ്രോഡ്‍വേയിലെ പാംട്രീ ഡ്രൈ ഫ്രൂട്സ് Palmtree Dry fruits, Broadway, Ernakulam (c) Woke Malayalam

“അഫ്‌ഘാനിസ്താനിൽ വരുന്ന ചരക്കിനു അതോറിറ്റി ഇല്ല, പേപ്പർ സൈൻ ചെയ്തു വിടാൻ അഫ്ഘാൻ ഗവണ്മെന്റിനു ആളില്ല. അതാണു പ്രശ്നം വന്നിട്ടുള്ളത്. അഫ്ഘാൻ ഡ്രൈ ഫ്രൂട്സിനു ലഭ്യതക്കുറവ് ഉണ്ട്, അത് കൂടിക്കൊണ്ടിരിക്കുകയാണ് , ഇപ്പോഴും അതിർത്തിയിൽ സാധനങ്ങൾ വരുന്നില്ല, പ്രത്യേകിച്ച് കറുത്ത മുന്തിരിയും, ഡ്രൈ ഫ്രൂട്സുകളും ഒന്നും വരുന്നില്ല. അടുത്ത ആഴ്ച എല്ലാം ശരിയാവുമെന്നൊക്കെ  പറയുന്നുണ്ട്, പക്ഷെ ആരാണ്, ഒരു അതോറിറ്റി ഉണ്ടാവണ്ടേ? ഒരു ഗവണ്മെന്റ് ആവാതെ നമ്മൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അപ്പൊ അതിനനുസരിച്ച് ഇവിടെ റേറ്റ് മാറിയിട്ടുണ്ട്.”

“ഇന്ത്യൻ വിപണിയിൽ ഒരു 20 മുതൽ 30 ശതമാനം വില അഫ്ഘാൻ ഡ്രൈ ഫ്രൂട്സിനു  കൂടി, പഴയ വിലയ്ക്ക് സാധനങ്ങൾ തരാൻ ഉത്പാദകർ തയ്യാറാണ്, പക്ഷേ, നമുക്ക് ഇവിടെ സാധനങ്ങൾ എത്തുന്നില്ല. അഫ്ഘാൻ അതിർത്തിയിൽ വന്നാലും നമുക്ക് സാധനങ്ങൾ ഡയറക്റ്റ് വരില്ല പാകിസ്താൻ വഴിക്കാണ് വരുന്നത്. പാകിസ്താനിൽ  എത്തിക്കഴിഞ്ഞാലേ നമ്മുടെ അട്ടാരി ബോർഡറിലേക്ക് എത്തുകയുള്ളൂ. അവർക്ക് ട്രാൻസിറ്റ് ഡോക്യൂമെന്റസ് പാകിസ്താൻ ബോർഡറിൽ കൊടുക്കുന്നില്ല” ജോയ് അഞ്ചേരി പറയുന്നു.

പ്രധാനമായും അഫ്‌ഘാനിസ്താനിൽ നിന്നുള്ള ചരക്ക് രണ്ടു മാർഗങ്ങളിലൂടെയാണ് ഇന്ത്യയിൽ എത്തുന്നത്. ഇറാനിലൂടെ കടൽ മാർഗം ബോംബെ പോർട്ടിലേക്കും, പാകിസ്താനിലൂടെ റോഡ് മാർഗം അട്ടാരി അതിർത്തിയിലും. അഫ്‌ഘാനിൽ നിന്നുള്ള വസ്തുക്കൾ കൂടുതലും ഡ്രൈ ഫ്രൂട്സ് ഇനങ്ങളായതിനാൽ ദൂരം കൂടിയാൽ കാലതാമസം മൂലം കേടു സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ പാകിസ്താനിലൂടെ റോഡ് മാർഗം തന്നെയാണ് അവ ഇന്ത്യയിലേക്ക് എത്തുന്നത്.  

എറണാകുളം ബ്രോഡ്‍വേയിലെ മസാല സെന്റർ എന്ന സ്ഥാപനത്തിൽ റുഷി രമേശ് (ഇടത്തു നിന്ന് രണ്ടാമത്) (c) Woke Malayalam
എറണാകുളം ബ്രോഡ്‍വേയിലെ മസാല സെന്റർ എന്ന സ്ഥാപനത്തിൽ ഉടമ റുഷി രമേശ് (ഇടത്തു നിന്ന് രണ്ടാമത്) Masala Centre, Broadway, Ernakulam (c) Woke Malayalam

“കറുത്ത മുന്തിരിയൊക്കെ ഞങ്ങൾ 240 രൂപ ഹോൾസെയിൽ റേറ്റിന് കൊടുത്തിരുന്നത് ഇപ്പോൾ ഇവിടെ 300 രൂപ ആണ്, റീറ്റെയ്‌ൽ റേറ്റ് അതിലും കൂടും. അഫ്ഘാൻ ബോർഡറിലേക്ക് ചരക്ക് എത്തിക്കാൻ ട്രക്ക് ഡ്രൈവേഴ്സ് തന്നെ തയ്യാറാവുന്നില്ല. എന്തും സംഭവിക്കാമല്ലോ, ലൂട്ടിങ് സംഭവിക്കാം, ബോംബിങ് സംഭവിക്കാം, ഷൂട്ടിംഗ് നടക്കാം, അതുകൊണ്ട് എങ്ങനെയാണെന്നുള്ളത് അവർക്കുതന്നെ ഒരു ഉറപ്പില്ല, അയക്കുന്നവർക്കൊരു ധൈര്യം വരണ്ടേ?”

ഓഗസ്റ്റ് മാസത്തെ ആഘോഷ ദിവസങ്ങളും വിപണിയിൽ ഉണ്ടാവാൻ സാധ്യതയുള്ള ലഭ്യതക്കുറവും മുൻനിർത്തി വടക്കേ ഇന്ത്യയിലെ പ്രധാന മാർക്കറ്റുകളിൽ പലതിലും ഈ വസ്തുക്കളുടെ വില ക്രമാതീതമായി ഉയർത്തുകയുണ്ടായി. അഫ്ഘാൻ മേഖലയിൽ നിന്നെത്തിയിരുന്ന ഈ വിഭവങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ വിലവർദ്ധനവാണ്‌ കൊച്ചിയിൽ ഉണ്ടായത്. എന്നാൽ ഉത്സവ സീസൺ മുന്നിൽ കണ്ട്  ഉത്പന്നങ്ങൾ കരുതിവച്ചിരുന്നവരുടെ കച്ചവടത്തെ നിലവിലെ വില വർദ്ധനവ് ബാധിച്ചിട്ടില്ലെന്നു തന്നെ പറയാം.

എറണാകുളത്തെ പ്രമുഖ ഡ്രൈ ഫ്രൂട്സ് റീറ്റെയ്ൽ ചെയിനായ വസൈത്തൂണിൻറെ ഉടമയും ഹോൾസെയിൽ ഡീലറുമായ മുഹമ്മദ് ഉമർ ഷരീഫ് പറയുന്നത് “ഞങ്ങളുടെ അടുത്ത് സ്റ്റോക്ക് ഉണ്ടാരുന്നതുകൊണ്ട് വിലയിൽ വലിയൊരു മാറ്റം വന്നിട്ടില്ല, പക്ഷെ അത് പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ മാർക്കറ്റിൽ സാധനങ്ങൾ ഉണ്ട്, ഏതൊരു കച്ചവടത്തിലും ചെറിയൊരു അവസരം കിട്ടിയാൽ അത് മുതലെടുക്കാൻ നോക്കും ആ ഒരു മാറ്റം മാത്രമേ ഇതുവരെ വന്നിട്ടുള്ളൂ. പെട്ടെന്നുള്ള വിലവർദ്ധനവ് നിലനിൽക്കില്ല കാരണം ഇതെല്ലാം സെമി പെരിഷബിൾ സാധനങ്ങളാണ്, കുറെക്കാലമൊന്നും പിടിച്ചു വെക്കാൻ കഴിയില്ല.”

എറണാകുളം ബ്രോഡ്‍വേയിൽ ഡ്രൈ ഫ്രൂട്സ് വില്പനക്ക് വച്ചിരിക്കുന്ന ദൃശ്യം (c) Woke Malayalam
എറണാകുളം ബ്രോഡ്‍വേയിലെ പാംട്രീ ഡ്രൈ ഫ്രൂട്സ്, Palmtree Dry fruits, Broadway, Ernakulam (c) Woke Malayalam

അഫ്‌ഘാനിസ്താനിൽ നിന്നുള്ള ഉണക്ക മുന്തിരിയും ഫിഗ്ഗും ആപ്രിക്കോട്ടും കൂടുതലായും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ ഉപയോഗം നടക്കുന്നത്. കുറഞ്ഞ അളവിൽ ഇവ ദിവസേന കഴിക്കുന്നത് പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമായി ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഉണക്ക മുന്തിരി ശരീരത്തിലെ രക്ത ഉത്പാദനത്തിനും ദഹന പ്രക്രിയക്കും, ഫിഗ്ഗ് ഹൃദയത്തിന്റെ ആരോഗ്യത്തിനും, ആന്റിഓക്സിഡന്റ് കലവറയായ ആപ്രിക്കോട്ട് കാൻസർ പോലുള്ള മാരക രോഗങ്ങളെ തടയുന്നതിനും അങ്ങനെ അനേകം ഗുണങ്ങളാണ് ഇവയ്ക്കുള്ളതായി പറയപ്പെടുന്നത്.

അപ്രതീക്ഷിത വില വർദ്ധനവ് കാര്യമായി കച്ചവടത്തെ ബാധിച്ചതായാണ് തലമുറകളായി ഡ്രൈ ഫ്രൂട്സ് കച്ചവടം നടത്തുന്ന എറണാകുളം ബ്രോഡ്‍വേയിലെ മസാല സെന്റർ ഉടമ റുഷി രമേശ് പറയുന്നത്.  “അഫ്‌ഘാനിൽ നിന്ന് വരുന്ന ഡ്രൈ ഫ്രൂട്സൊക്കെ മെഡിസിനൽ പർപ്പസിനാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരു പ്രശ്നം നടക്കുന്നതുകൊണ്ട് വില ഒക്കെ കണ്ടമാനം കൂടി. ഇനിയും കൂടാൻ ചാൻസ് ഉണ്ട്, കാരണം പ്രശ്നങ്ങളൊന്നും തീർന്നിട്ടില്ലല്ലോ. എല്ലാത്തിനും 200-ഉം 300-ഉം ഒക്കെയാണ് കിലോയിൽ കൂടിയേക്കുന്നത്. അത് ഭയങ്കരമായിട്ട് കച്ചവടത്തെ ബാധിച്ചിട്ടുണ്ട്, സാധാരണക്കാർക്കൊക്കെ ബുദ്ധിമുട്ടാണ് മേടിക്കാനൊക്കെ.” 

ഇന്ത്യയിലെ ബേക്കിംഗ് വിഭവങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഉണക്ക മുന്തിരിയും, ഫിഗ്ഗും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നവ തന്നെയാണ് കൂടുതലും. അതിനു കാരണം അവ കുറഞ്ഞ വിലയിൽ ലഭ്യമാകും എന്നുള്ളതുകൊണ്ടാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ഉണക്കമുന്തിരിയും കാശ്മീരിൽ നിന്നുള്ള ഫിഗ്ഗും ഇവിടെ സുലഭമാണ്. അതിനാൽ ഭക്ഷ്യ മേഖലകളായ ബേക്കറി, മിഠായി നിർമാണം എന്നിവയെ ഒന്നും ഈ വില വർദ്ധനവ് ബാധിക്കില്ല.

എറണാകുളം ബ്രോഡ്‍വേയിലെ എൻ കെ പി സ്റ്റോഴ്സിൽ അഫ്ഘാൻ ഫിഗ്ഗുകൾ വില്പനക്ക് വച്ചിരിക്കുന്ന ദൃശ്യം (c) Woke Malayalam
എറണാകുളം ബ്രോഡ്‍വേയിലെ എൻ കെ പി സ്റ്റോഴ്സിൽ അഫ്ഘാൻ ഫിഗ്ഗുകൾ വില്പനക്ക് വച്ചിരിക്കുന്ന ദൃശ്യം N K P stores, Broadway, Ernakulam (c) Woke Malayalam

നിലവിൽ അഫ്ഘാൻ വിഷയം മുൻനിർത്തി രാജ്യത്ത് ഡ്രൈ ഫ്രൂട്സ് കരിഞ്ചന്ത ലാഭം കൊയ്യുന്നുണ്ടെന്നാണ് ചില കണ്ടെത്തലുകളിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ അഫ്ഘാനിലെ ഭരണകാര്യങ്ങളിലുള്ള അനിശ്ചിതാവസ്ഥയും അക്രമസംഭവങ്ങളും വരും മാസങ്ങളിൽ യഥാർത്ഥമായ ഒരു വിലവർദ്ധനവിലേക്ക് നയിക്കുമെന്നാണ് പറയപ്പെടുന്നത്. കാരണം നിലവിലെ ഉത്പന്ന സ്രോതസ്സ് തീരുകയും ചരക്ക് ഗതാഗതം പൂർണമായി പഴയ രീതിയിലേക്ക് എത്തുകയും ചെയ്തില്ലെങ്കിൽ വിപണിയിൽ ലഭ്യതക്കുറവുണ്ടാകും. അഫ്‌ഘാനിസ്താനിൽ നിന്നുള്ള ചരക്ക് ലോറികളിൽ സുരക്ഷാ നിരീക്ഷണവും മറ്റും ഇന്ത്യ കർശനമാക്കിയ പശ്ചാത്തലത്തിൽ അതിനുള്ള സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്. 

“എനിക്ക് തോന്നുന്നത് ഒരു മാസംകൂടി കഴിയുമ്പോഴേക്കും ഇതിന്റെ യഥാർത്ഥ പ്രതിഫലനം വരും, അത് അറിയണമെങ്കിൽ ഒരു മാസം കൂടി കാത്തിരിക്കണം. ഒരു 50 മുതൽ 60 ശതമാനം എന്തായാലും അഫ്ഘാൻ ഉത്പന്നങ്ങളുടെ വില വർദ്ധിക്കും.  നിലവിൽ 20 ശതമാനം വർദ്ധനവ് കാണുന്നുണ്ട്, സാവധാനം അത് 50 മുതൽ 60 ശതമാനത്തിലേക്ക് എത്തും”  മുഹമ്മദ് ഉമർ ഷരീഫ് കൂട്ടിച്ചേർത്തു.